സംസ്ഥാനത്തെ ആദ്യ കൂട് മത്സ്യകൃഷി വിളവെടുപ്പ് 18ന്
ഇരിട്ടി: മൂന്നുകോടി രൂപ ചെലവില്‍ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ്‌മെന്റ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പെരുമ്പറമ്പ് കപ്പച്ചേരിയില്‍ പഴശ്ശി ജലാശയത്തില്‍ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 18നു നടക്കും. വൈകിട്ട് മൂന്നിന് പെരുമ്പറമ്പില്‍ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയാണു പദ്ധതി ഉദ്ഘാടനം ചെയ്യുക. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനാകും.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെയും പുഴയോര മത്സ്യകൃഷി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണു 'ഫിര്‍മ'യുടെ നേതൃത്വത്തില്‍ പായം പഞ്ചായത്തിലെ പെരുമ്പറമ്പിനും എടക്കാനത്തിനും മധ്യേയുള്ള പഴശ്ശി ജലാശയത്തില്‍ കപ്പച്ചേരിയില്‍ സംസ്ഥാനത്തെ ആദ്യ കൂട് മത്സ്യകൃഷി ആറുമാസം മുമ്പ് ആരംഭിച്ചത്. ഫ്‌ളോട്ട് ഉപയോഗിച്ച് കൂടുകള്‍ നിര്‍മിച്ച് കട്ടിയുള്ള ടാര്‍പോളിനും വലകളുമിട്ട് കയറുകള്‍ പരസ്പരം ബന്ധിച്ച് ഒരു കൂടില്‍ 40 ഫ്‌ളോട്ടുകള്‍ വീതം 200 മീറ്ററോളം ദൂരത്തില്‍ 77 ഓളം കൂടൊരുക്കിയാണു മത്സ്യകൃഷി ആരംഭിച്ചത്. ആദ്യത്തെ മൂന്നു കൂടുകളില്‍ മത്സ്യകുഞ്ഞുങ്ങളെ പൂര്‍ണമായും നിക്ഷേപിക്കുകയും പിന്നീട് ഇവയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഇനംതിരിച്ച് മറ്റ് കൂടുകളിലാക്കി തീറ്റയും മറ്റും നല്‍കി പരിപോഷിപ്പിച്ച് ആറുമാസം കൊണ്ട് വളര്‍ത്തി വലുതാക്കിയാണു വിളവെടുക്കുന്നത്.
ഇതിനായി അസം വാള, ഫിലോസിയ, കാപ്പ് മത്സ്യങ്ങള്‍ എന്നിവയുടെ എഴുപതിനായിരത്തോളം മത്സ്യകുഞ്ഞുങ്ങളെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് ഇറക്കുമതി ചെയ്താണു നിക്ഷേപിച്ചത്. 5 മുതല്‍ 10 രൂപ വരെ നിരക്കിലാണു മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.
ഫിര്‍മയുടെ നേതൃത്വത്തിലുള്ള കൂടു മത്സ്യകൃഷി സംരക്ഷിക്കുന്നതിനും നടത്തിപ്പിനുമായി പ്രാദേശിക മത്സ്യകൃഷി പ്രോത്സാഹനവും സംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പഴശ്ശിരാജ ഫിഷ് ഫാം സ്വാശ്രയ സംഘത്തെയാണു ചുമതലപ്പെടുത്തിയിരുന്നത്. പി.എം ദിവാകരന്‍ പ്രസിഡന്റും എ.കെ നാരായണന്‍ സെക്രട്ടറിയുമായ 16 അംഗ കമ്മിറ്റിയാണ് മത്സ്യകൃഷിക്കാവശ്യമായ സേവനവും സഹായവും നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."