ആസക്തിക്കെതിരേ ആത്മസമരം
ഇസ്‌ലാമില്‍ ആരാധനകള്‍ക്ക് മൗലീകമായ ഒരു ലക്ഷ്യമുണ്ട്. ഉപരിപ്ലവമായ ചടങ്ങുകളോ പ്രകടനപരതയുടെ ആചാരങ്ങളോ അല്ല അത്. ആരാധനകളിലൂടെ വിമലീകരിക്കപ്പെട്ട ഒരു ഹൃദയം ഉണ്ടാവുകയും അതിലൂടെ വിശുദ്ധമായ ഒരു ജീവിതം ഉരുത്തിരിയുകയും ചെയ്യുക. ഒടുവില്‍ സ്വര്‍ഗത്തിനായി അല്ലാഹുവിനെ നേരില്‍ കണ്ടുമുട്ടുക എന്നതാണ് എല്ലാ ആരാധനകളുടേയും അകംപൊരുള്‍.
ഹൃദയശുദ്ധീകരണത്തിന്റെ ഏറ്റവും നല്ല നാളുകളാണ് വ്രതകാലം. സകല ആസക്തികളോടുമുള്ള ആത്മാവിന്റെ സമരമാണ് റമദാന്‍. മനുഷ്യാരംഭം മുതല്‍ ആസക്തികള്‍ അവനോടു കൂടെയുണ്ട്. വിലക്കപ്പെട്ട കനിയിലേക്ക് ആദം നബി(അ)നെ അടുപ്പിക്കുന്നത് ആ പഴം കഴിക്കാനുള്ള ആസക്തിയാണ്. പ്രേരിപ്പിച്ചതോ പിശാചും.
സാഹചര്യങ്ങള്‍, സുഹൃത്തുക്കള്‍, മനസ്സ്, പിശാച് ഇവ നാലും മനുഷ്യനെ വിഷയാശക്തനാക്കുന്ന ശത്രുക്കളണ്. ഇവയോട് പൊരുതി വിജയിക്കുമ്പോഴാണ് മനുഷ്യര്‍ വിശുദ്ധനാകുന്നത്.
അതീവ ജാഗ്രതയോടെ സൂക്ഷിക്കേണ്ട ഒരു സാമൂഹിക സാഹചര്യമാണ് രൂപപ്പെട്ട് വന്നിരിക്കുന്നത്. ചുറ്റുപാടുകള്‍ മലീമസമായിക്കൊണ്ടിരിക്കുന്നു. ആഭാസങ്ങള്‍ക്ക് അംഗീകാരവും പിന്തുണയും ലഭിക്കുന്നു എന്നതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്.
തെരുവില്‍ ആഭാസ നൃത്തമാടാനും ഗോപ്യമാക്കി വെക്കേണ്ടതിനെ പ്രദര്‍ശിപ്പിക്കാനുമൊക്കെയുള്ള പ്രവണത മനുഷ്യന്റെ വ്യക്തിത്വത്തെ നശിപ്പിക്കുക മാത്രമല്ല ധാര്‍മികമായ നമ്മുടെ ബോധ മണ്ഡലങ്ങളെ നശിപ്പിക്കുക കൂടി ചെയ്യും. പ്രകടന പരതയാണ് ഇതിന് പ്രേരകമാകുന്നത്. മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടണം എന്ന ആസക്തി മനുഷ്യനെ ഏത് നീച കൃത്യത്തിനും പ്രേരിപ്പിച്ച് കൊണ്ടിരിക്കും.
സുഹൃത്തുക്കള്‍ നമ്മളെ നന്മയിലേക്ക് നയിക്കേണ്ടവരാണ്. പ്രവാചകര്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ട മാനദണ്ഡമായി പറഞ്ഞത് 'നല്ല സുഹൃത്തുക്കള്‍' എന്നാണ്. സുഗന്ധവാഹിനിയായ ഒരു സുഗന്ധ വ്യാപാരിയോടാണ് സുഹൃദ് ബന്ധത്തെ തിരുനബി(സ) ഉപമിച്ചത്. ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന ആസക്തിയില്‍ നിന്നാണ് തിന്മകള്‍ സംഭവിക്കുന്നത്. കൃത്യവും നേരായതുമായ ബന്ധങ്ങള്‍ക്കപ്പുറം നമ്മുടെ തലമുറ ആരുടെയൊക്കെയോ വലയില്‍ വീഴുകയാണ്. തീവ്രവാദത്തിന്റെയും ശിഥിലീകരണ സംഘങ്ങളുടേയും കൈകളില്‍ അകപ്പെടുന്നു എന്നതും ഇതിന്റെ ഭാഗമായി നാം ഗൗരവത്തോടെ കാണേണ്ടതാണ്.
നമ്മുടെ മനസ്സാണ് തിന്മ ചെയ്യിക്കുന്നതില്‍ മൂന്നാമത്തെ ഘടകം. മനസ്സ് എപ്പോഴും നമ്മുടെ പിടിയില്‍ നിന്ന് വഴുതിക്കൊണ്ടിരിക്കും. മനസ്സിനെ സകല സുഖ ഭോഗാസക്തിയില്‍ നിന്നും കീഴ്‌പ്പെടുത്തിയാണ് നോമ്പ് നിര്‍വഹിക്കേണ്ടത്. ഭക്ഷണവും വെള്ളവും ലൈംഗീകതയും ഉപേക്ഷിക്കല്‍ മാത്രമല്ല അവയെ വിധേയപ്പെടുത്തുക എന്നതാണ് വ്രതം നമുക്ക് നല്‍കുന്നത്. ഭക്ഷണവും ലൈംഗീകതയുമൊക്കെ ആവശ്യമാണ്. പക്ഷെ എല്ലാത്തിനും പരിധിയും പരിമിതിയുമുണ്ട്. അല്ലെങ്കില്‍ അരാജകത്വമാണ് സംഭവിക്കുക. ഇവയോടുള്ള മനസ്സിന്റെ പ്രേരണയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കണം. അമിതമായ ലൈംഗീകാസക്തിയാണ് സമൂഹം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം. പീഡനങ്ങള്‍ സര്‍വ വ്യാപിയാകുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഒരുതരം ഭോഗാസക്തിയുടെ തരംഗമാണ് ലോകത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇവയോട് പൊരുതി മുന്നേറി മനസ്സിനെ കീഴ്‌പ്പെടുത്താന്‍ റമദാന്‍ നമ്മെ സഹായിക്കും. സര്‍വവിധ അധാര്‍മിക വിചാരങ്ങളില്‍ നിന്നും മനസ്സ് മാലിന്യമുക്തമാക്കണം. നോമ്പുകാരന്റെ ഹൃദയത്തില്‍ ദൈവവിചാരം സംഭവിക്കണം. മറ്റ് ആരാധനകളില്‍ നിന്ന് നോമ്പിനെ വിഭിന്നമാക്കുന്നത് ഇതാണ്. നോമ്പ് വിശ്വാസിയുടെ മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുകയാണ്. അല്ലാഹു പറയുന്നു: 'അവന്‍ അന്ന പാനീയങ്ങളും ദേഹേച്ഛയും എനിക്ക് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പ് എന്റേതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുക' (ബുഖാരി)
ഈ പ്രവാചക വചനം നമ്മെ പഠിപ്പിക്കുന്നത് നോമ്പുകാരനും അല്ലാഹുവുമായുള്ള ആത്മബന്ധത്തിന്റെ ദൃഢതയാണ്. സകല ആസക്തിയോടുമുള്ള ജിഹാദാണ് റമദാന്‍. അതിനെ കീഴടക്കി ദൈവ പ്രീതി നേടുകയാണ് വിജയമാര്‍ഗം. ഏതാണ് ഏറ്റവും വലിയ ജിഹാദ് എന്ന ചോദ്യത്തിന് 'ഹൃദയത്തോടുള്ള യുദ്ധം' എന്ന പ്രവാചക മറുപടിയിലുണ്ട് അതിന്റെ ദാര്‍ശനിക സൗന്ദര്യം. വലിയ വിപ്ലവങ്ങളുടെയും പ്രതിരോധത്തിന്റെയും അപ്പോസ്തല വേഷമണിയുന്നവര്‍ പലരും 'ജിഹാദുല്‍ അക്ബര്‍' എന്ന മാനസിക പ്രതിരോധം നേടാത്തവരും അത്തരം മാനസിക സംസ്‌കരണ മാര്‍ഗങ്ങളെ നിഷേധിക്കുന്നവരുമാണ്.
സൂഫി ചിന്താധാരകളെ ഷണ്ഡത്വം എന്നാണ് മുസ്‌ലിം പരിഷ്‌കരണവാദികള്‍ എന്നും വിളിച്ചു പോന്നിട്ടുള്ളത്. ഹൃദയത്തില്‍ അല്ലാഹുവിനോടുള്ള സ്‌നേഹം നിറയുകയും ആ സ്‌നേഹം സൃഷ്ടിയിലേക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തവരാണ് ആത്മസംസ്‌കരണം ലഭിച്ച സൂഫികള്‍. പരസ്പര വിദ്വേഷവും പരസ്പര ദ്രോഹവും ചെയ്യുന്നവര്‍ ഒരിക്കലും ഈ മാര്‍ഗത്തില്‍ പെട്ടവരല്ല. അതുകൊണ്ടാണ് ഇസ്‌ലാമിക പേരിലുള്ള തീവ്ര, ഭീകരമായ സംഘടനകള്‍ സുന്നി സൂഫി അടയാളങ്ങളെയും അതിന്റെ പ്രചാരകരെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ശൈഖു റമദാന്‍ ബുത്വിയെ പോലുള്ള വിശ്രുത സൂഫി വര്യന്മാരുടെ രക്തസാക്ഷിത്വത്തിന് പിറകില്‍ ഇത്തരം ഹൃദയ വിശുദ്ധി നേടാത്ത ചോരയോടാത്ത ആസക്തിയുള്ള വൈകാരിക സംഘങ്ങളാണ്.
ഏത് സുഖഭോഗ ആസക്തിയിലേക്കും മനുഷ്യനെ നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ശക്തിയാണ് പിശാച്. അവന്റെ ദുര്‍ബോധനങ്ങളും പ്രലോഭനങ്ങളുമാണ് മനുഷ്യന്‍ തിന്മയിലേക്ക് കൂപ്പുകുത്താന്‍ കാരണമാകുന്നത്. മനുഷ്യാരംഭം മുതല്‍ മനുഷ്യന്റെ ശത്രു പക്ഷത്തുണ്ട് പിശാച്. അവന്‍ ഹൃദയത്തില്‍ ചേക്കേറി കഴിഞ്ഞാല്‍ മനുഷ്യന്‍ അതിവേഗം മൃഗമായി മാറാന്‍ തുടങ്ങും. അവന്റെ പ്രലോഭനങ്ങളില്‍ നിന്ന് മനസ്സിനെ സംസ്‌കരിച്ച് ആത്മീയ വിതാനങ്ങളിലേക്ക് വിശ്വാസിയെ നയിക്കുകയാണ് റമദാന്‍.
ഹൃദയത്തിന്റെ സംസ്‌കരണമാണ് റമദാന്‍ സാധ്യമാക്കുന്നത്. നഫ്‌സുല്‍ അമ്മാറയില്‍ നിന്ന് നഫ്‌സുല്‍ മുത്മഇന്നയിലേക്ക് വിശ്വാസി പടിപടിയായി ഉയരണം. സകല തിന്മയുടെ ആസക്തിയില്‍ നിന്നും ആത്മീയതയിലേക്ക് ഉയര്‍ത്തപ്പെടുന്ന വിശ്വാസിക്കാണ് റയ്യാന്‍ എന്ന സ്വര്‍ഗകവാടം തുറക്കപ്പെടുന്നത്.
ഈ റമദാന്‍ ഖുര്‍ആന്‍ പാരായണം, സ്വദഖ, നോമ്പു തുറപ്പിക്കല്‍, തറാവീഹ്, ഹറാമില്‍ നിന്ന് വിട്ട് നില്‍ക്കല്‍, ജനങ്ങളോട് സൗമ്യതയോടെ വര്‍ത്തിക്കല്‍ എന്നിവയിലൂടെ നമുക്ക് ആത്മാവിനെ വിപുലീകരിക്കാം. ഈ വര്‍ഷത്തെ റമദാന്‍ കാംപയിന്‍, ആസക്തിക്കെതിരേ ആത്മസമരം എന്ന പ്രമേയത്തില്‍ ആചരിക്കുകയാണ്.
ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമദാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാ മേഖല തലങ്ങളില്‍ ഇഫ്ത്വാര്‍ മീറ്റുകള്‍,നിര്‍ധന കുടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്ത്വാര്‍ ക്വിറ്റ് വിതരണം,നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവവിതരണം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാനതലത്തില്‍ നടത്തും.
കാംപസ് വിങിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരവും സര്‍ഗാലയയുടെ ആഭിമുഖ്യത്തില്‍ മേഖല ജില്ല സംസ്ഥാനതലത്തില്‍ ഖുര്‍ആന്‍ പാരായണമത്സരവും സംഘടിപ്പിക്കും.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."