പത്ത് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
തിരുവനന്തപുരം: നഗരത്തില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നായി പത്ത് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ സിറ്റി ഷാഡോ പൊലിസ്് പിടികൂടി. അമരവിള കുഴിച്ചാണി അശ്വതി ഭവനില്‍ നേശമണി മകന്‍ ജോണി (48), കഴക്കൂട്ടം മര്യനാട് കോളനി സ്വദേശി നെല്‍സന്‍ മകന്‍ തോമസ് (31) എന്നിവരെയാണ് പേട്ട, കോവളം എന്നീ സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തത്.
ഷാഡോ പൊലിസ് അംഗങ്ങള്‍ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് ഇരുവരില്‍ നിന്നും ഇത്രയധികം കഞ്ചാവ് പിടികൂടിയത്. ഈ വര്‍ഷം ഇതുവരെയായി നാല്‍പത് കിലോയോളം കഞ്ചാവാണ് ഷാഡോ പൊലിസ് പിടികൂടിയത്. പിടികൂടിയവരില്‍ നിന്നും മറ്റു കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് ഷാഡോ പൊലിസ് അംഗങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരായി ചമഞ്ഞ് നിരന്തരം ബന്ധപ്പെട്ട ശേഷം ഇവരെ യഥാര്‍ഥ വില്‍പ്പനക്കാരെന്ന് വിശ്വസിപ്പിച്ച ശേഷം ഇത്രയധികം കഞ്ചാവ് ആവശ്യപ്പെട്ടതനുസരിച്ച് കൊണ്ട് വന്ന കഞ്ചാവുമായാണ് ഇവരെ വലയിലാക്കിയത്.
ഇതില്‍ ജോണിയെ പലവട്ടം എക്‌സൈസും പൊലിസും കഞ്ചാവ് കേസിന് പിടികൂടിയിട്ടുണ്ട്. എന്നാല്‍ വീണ്ടും പിടിക്കപ്പെടാതിരിക്കാന്‍ വളരെ തന്ത്രപരമായും സൂക്ഷിച്ചുമാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. സിറ്റിയിലെ പല ചെറുകിട കച്ചവടക്കാരെയും പിടികൂടിയപ്പോഴും ഇയാളുടെ പേരാണ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ കഞ്ചാവുമായി ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിടിയിലായ തോമസും ഇയാളില്‍ നിന്നായിരുന്നു കഞ്ചാവ് എടുത്തിരുന്നത്. ജോണിയെ കഞ്ചാവുമായി പിടികൂടിയ ശേഷം ശേഷം ചോദ്യം ചെയ്തതില്‍ തൊട്ട് മുന്‍പ് തോമസിന് കഞ്ചാവ് കൊടുത്തതായി അറിയിക്കുകയും ഷാഡോ പൊലിസ് തോമസിനെ പിന്‍തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.
കഴിഞ്ഞയാഴ്ച്ച തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും പ്രസ്സിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച് പത്രക്കാരെന്ന വ്യാജേന കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലുപേരെ പിടികൂടിയിരുന്നു. അവര്‍ ഉപയോഗിച്ച വാഹനം ബാലരാമപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷാഡോ പൊലിസ് അവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും ജോണിയിലേക്കാണ് എത്തിച്ചേര്‍ന്നത്. പിടിച്ചവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും ശക്തമായ കഞ്ചാവ് വേട്ട തുടര്‍ന്നും ഉണ്ടാകുമെന്ന് ഡി.സി.പി അരുള്‍.ബി.കൃഷണ അറിയിച്ചു.
സിറ്റി പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡി.സി.പി അരുള്‍.ബി.കൃഷണ, കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാര്‍.വി, കോവളം ക്രൈം എസ്.ഐ അജയകുമാര്‍, പേട്ട എസ്.ഐ ചന്ദ്ര ബോസ്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, സിറ്റി ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."