മഴക്കാലം അടുത്തെത്തി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
മുക്കം: മഴക്കാലം അടുത്തെത്തിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. മഴക്കാലം തുടങ്ങിയിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടങ്ങാം എന്നതാണ് ഭൂരിഭാഗം പ്രാദേശിക ഭരണകൂടങ്ങളുടേയും നിലപാട്. തദ്ദേശ സ്വയംഭരണ വകുപ്പ് ആരോഗ്യ ജാഗ്രത എന്ന പേരില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞവും ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവഗണിച്ചു. കഴിഞ്ഞവര്‍ഷം കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമായി പടര്‍ന്നു പിടിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനാണ് ആരോഗ്യജാഗ്രത കാംപയിന്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ മിക്ക പ്രാദേശിക ഭരണകൂടങ്ങളും ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ചിലര്‍ പേരിനുമാത്രം നടപ്പിലാക്കുകയും ചെയ്തു.
ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഈ വര്‍ഷം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതും മരണങ്ങള്‍ സംഭവിക്കുന്നത് പരമാവധി തടയണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പുറപ്പെടുവിച്ച ഭൂരിഭാഗം നിര്‍ദേശങ്ങളും അട്ടിമറിക്കപ്പെടുകയായിരുന്നു.
ഏപ്രില്‍ 28ന് ഗവണ്‍മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. ദിവ്യ എസ്. അയ്യര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മെയ് അഞ്ചിനകം നഗരസഭകളിലും പഞ്ചായത്തുകളിലും കാപയിനിന്റെ ഭാഗമായി വിപുലമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും ശുചീകരണ കാപെയിനുകളുടെ സംഘാടനവും നടത്തിപ്പും തീരുമാനിക്കാനും നിര്‍ദേശിച്ചിരുന്നു. ഒപ്പം മെയ് 5, 6, 7 തിയതികളില്‍ പുനഃചംക്രമണ സാധ്യതയുള്ള അജൈവ മാലിന്യ ശേഖരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സമാഹരണ യജ്ഞം സംഘടിപ്പിക്കുവാനും ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന് കൈമാറണമെന്നും ഉത്തരവ് നല്‍കി.
എന്നാല്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇത് അവഗണിച്ചു. ഭൂരിഭാഗം സ്ഥാപനങ്ങളിലും കാംപയിന്റെ ഭാഗമായുള്ള കമ്മിറ്റി പോലും ഇതുവരെ രൂപീകരിച്ചിട്ടില്ല. മെയ് 1 മുതല്‍ 10 വരെ വിവിധ സംഘടനകളുടെ സഹകരണത്തോടെ അതത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ മാലിന്യ കൂമ്പാരങ്ങള്‍ നീക്കംചെയ്യുന്നതിന് ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അതും വെളിച്ചം കണ്ടില്ല. മെയ് 1 മുതല്‍ 15 വരെ ശുചിത്വമിഷന്‍, ഹരിത കേരളം എന്നീ ജില്ലാ കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജാഗ്രതോത്സവം സംഘടിപ്പിക്കണമെന്ന നിര്‍ദേശവും അട്ടിമറിച്ചു. ഇതുപ്രകാരം നഗരസഭകളിലേയും ഗ്രാമ പഞ്ചായത്തുകളിലേയും മുഴുവന്‍ വാര്‍ഡുകളിലും ഒരു ക്യാംപ് വീതവും കോര്‍പറേഷന്‍ വാര്‍ഡുകളില്‍ കുറഞ്ഞത് രണ്ടു ക്യാംപുകള്‍ വീതവും സംഘടിപ്പിക്കണമായിരുന്നു. എന്നാല്‍ അതും മിക്കയിടങ്ങളിലും നടന്നില്ല. സംസ്ഥാനത്ത് ഇപ്രാവശ്യം വേനല്‍മഴ പ്രതീക്ഷിച്ചതിലുമധികം ലഭിച്ചിരുന്നു.
അതിനാല്‍ കൊതുക് അടക്കമുള്ള രോഗവാഹകര്‍ ഇപ്പോള്‍തന്നെ മിക്കയിടങ്ങളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. മഴക്കാലം എത്തിയതിനുശേഷം തട്ടിക്കൂട്ടി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദം ആവാത്തതാണ് പലപ്പോഴും പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുന്നത്. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മെയ് അവസാനത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതിന്റെ പ്രഖ്യാപനം നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ അത് നടപ്പിലാകുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."