വി.എസിന്റെ പദവി: ചര്‍ച്ച നടന്നില്ല
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ പദവിയെക്കുറിച്ച് ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ചര്‍ച്ച നടന്നില്ല. അതേസമയം, ബംഗാളില്‍ പാര്‍ട്ടിക്ക് വീഴ്ച്ചപറ്റിയതായി സംസ്ഥാനസമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ബംഗാളിലെ സി.പി.എം- കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കേന്ദ്രനേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ന്നത്.
പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച അടവുനയരേഖ ലംഘിച്ചത് തിരിച്ചടിയായി. ബന്ധം കൊണ്ട് ഗുണമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. പൊളിറ്റ്ബ്യൂറോയിലെ ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് ബംഗാളില്‍ സഖ്യമുണ്ടായത്. പാര്‍ട്ടി നേതാക്കള്‍ ബംഗാളില്‍ അതീവ ശ്രദ്ധയോടെ ഇടപെടണമെന്നും സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. സി.പി.ഐയും മറ്റ് ഘടകകക്ഷികളും കൂടുതല്‍ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം ആവശ്യപ്പെട്ട സാഹചര്യത്തില്‍ തീരുമാനം വൈകിയേക്കും. മുന്നണിക്ക് പുറത്തുനില്‍ക്കുന്ന കക്ഷികളും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍, കേരളാ കോണ്‍ഗ്രസ് (ബി) തുടങ്ങിയ പാര്‍ട്ടികള്‍ പദവികള്‍ ആവശ്യപ്പെട്ട് സി.പി.എമ്മിനെ സമീപിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് അധികാരമേറ്റതോടെ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ചെയര്‍മാന്‍മാരില്‍ അധികവും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണയായ ശേഷം എല്‍.ഡി.എഫ് യോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ടും സംസ്ഥാന സമിതിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മുന്‍ പ്രസിഡന്റ് കൂടിയായ ടി.പി ദാസന്റെയും മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടിയുടെയും പേരുകളാണ് പരിഗണനയിലുള്ളത്. സംസ്ഥാന സമിതി ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."