കാസര്‍കോട് ജനറല്‍ ആശുപത്രി ലിഫ്റ്റിന്റെ തകരാര്‍ പരിഹരിച്ചില്ല; മൃതദേഹം ഇന്നലെയും ചുമന്നിറക്കി
കാസര്‍കോട്: തകരാറായി രണ്ടാഴ്ച കഴിഞ്ഞിട്ടും ലിഫ്റ്റ് ശരിയാക്കാത്തതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ഇന്നലെയും മൃതദേഹം ചുമന്നിറക്കി. ഇന്നലെ രാവിലെ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയാസപ്പെട്ട് മൂന്നാംനിലയില്‍ നിന്നു ചുമന്നിറക്കേണ്ടി വന്നത്. കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളി രാംദാസ് (60)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ലിഫ്റ്റ് തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും മൃതദേഹങ്ങള്‍ ചുമന്നുകൊണ്ടാണ് താഴെ എത്തിച്ചത്. ലിഫ്റ്റ് തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാന്‍ നടപടിയുണ്ടാവാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് ഇടക്കിടെ തകരാറാവാറുണ്ട്. കൊച്ചിയില്‍ നിന്നെത്തുന്ന സംഘമാണ് ലിഫ്റ്റ് നേരെയാക്കേണ്ടത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും ലിഫ്റ്റ് നന്നാക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. രണ്ടുമാസം മുന്‍പ് ലിഫ്റ്റ് തകരാര്‍ ആയപ്പോഴും ദിവസങ്ങളെടുത്താണ് ശരിയാക്കിയത്. ലിഫ്റ്റ് തകരാര്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികളും ബന്ധുക്കളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."