സൗജന്യ ഇഫ്താര്‍ ഒരുക്കി ജിദ്ദ എയര്‍പോര്‍ട്ടില്‍ അധികൃതര്‍
ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഇഫ്താര്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആഭ്യന്തര, ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളില്‍ യാത്രക്കാര്‍ക്ക് ഇഫ്താര്‍ വിതരണം ചെയ്യുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണിത്. എയര്‍പോര്‍ട്ട് ജീവനക്കാരും 70 സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
നോമ്പുതുറ സമയത്ത് ജിദ്ദ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ഇഫ്താര്‍ വിതരണം ചെയ്യുന്നുണ്ട്. ദിവസേന പതിനായിരത്തിലേറെ പോക്കറ്റ് ഇഫ്താര്‍ വീതം റമദാനില്‍ മൂന്നു ലക്ഷത്തിലേറെ ഇഫ്താറുകളാണ് വിതരണം ചെയ്യുക. ദക്ഷിണ ജിദ്ദയിലെ സാമൂഹിക വികസന കമ്മിറ്റിയുമായും നമാ ചാരിറ്റബിള്‍ സൊസൈറ്റിയുമായും സഹകരിച്ചാണ് ജിദ്ദ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കുന്നത്.
സൗത്ത്, നോര്‍ത്ത് ടെര്‍മിനലുകളിലും ഹജ്ജ് ടെര്‍മിനലിലും ഇഫ്താര്‍ വിതരണ കേന്ദ്രങ്ങളുണ്ട്. തറാവീഹ് നമസ്‌കാരം പൂര്‍ത്തിയാകുന്നതു മുതല്‍ അത്താഴം വരെയുള്ള സമയത്ത് യാത്രക്കാര്‍ക്ക് അറബി കാപ്പിയും ഈത്തപ്പഴവും വിതരണം ചെയ്യുന്നുണ്ട്. രാത്രിയില്‍ ജിദ്ദ എയര്‍പോര്‍ട്ട് വഴി കടന്നുപോകുന്നവര്‍ക്ക് സംസം വെള്ളം വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."