വയനാടന്‍ ചെരുവില്‍, സാഹിത്യം പറഞ്ഞു രണ്ടുനാള്‍
വയനാടിന്റെ മോഹിപ്പിക്കുന്ന കാനനക്കാഴ്ചകള്‍ മനസില്‍ വച്ചാണ് പിറ്റ്‌സ(പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നൊവേറ്റിവ് തോട്ട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ടിവിറ്റീസ്) സംഘടിപ്പിച്ച 'അനക്കം' സാഹിത്യ ക്യാംപിനു വണ്ടി കയറിയത്. സുഹൃത്ത് പരിചയപ്പെടുത്തിയാണു പരിപാടിയെ കുറിച്ച് അറിയുന്നത്. പരിപാടിയുടെ ബ്രോഷറും സുഹൃത്ത് നല്‍കിയിരുന്നു. കല്‍പറ്റ നാരായണന്‍, എം.ബി മനോജ്, ഒ.കെ ജോണി, ആന്റോ സബിന്‍ ജോസഫ്, ഷാഹിന കെ. റഫീഖ്, ശൈലന്‍ അങ്ങനെ വായിച്ചും കേട്ടും പരിചയിച്ച ഒരുപാടു പേരുകള്‍ അതില്‍ കണ്ടു. വയനാടന്‍ കാറ്റും തണുപ്പും നുണഞ്ഞു സാഹിത്യം മാത്രം ചര്‍ച്ച ചെയ്യുന്ന രണ്ടു ദിനങ്ങള്‍. മോഹിപ്പിക്കപ്പെടാന്‍ ഇനിയെന്തു വേണം. ഉടന്‍ തന്നെ നേരത്തെ പലപ്പോഴായി എഴുതിവച്ച ചില സൃഷ്ടികള്‍ സഹിതം ക്യാംപില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു. അധികം വൈകാതെ തന്നെ അപേക്ഷ സ്വീകരിച്ചതായുള്ള മറുപടിയും വന്നു.
കോഴിക്കോട്ടുനിന്ന് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണു യാത്ര പുറപ്പെട്ടത്. യാത്ര ചുരത്തോടടുത്തു. ചുരം കയറിത്തുടങ്ങിയപ്പോള്‍ തന്നെ കാടിന്റെ മദിപ്പിക്കുന്ന ഗന്ധവും കാറ്റും തണുപ്പും പതുക്കെ അരിച്ചിറങ്ങാന്‍ തുടങ്ങി. വിരസമായ കണ്ണുകളെ പുറംകാഴ്ചകളിലേക്കു നന്നായി തുറന്നുപിടിച്ചു. ചുരംകാഴ്ചകളും തേയിലക്കാടുകളും കടന്ന് കൂളിവയലില്‍ ബസിറങ്ങി. നേരെ ക്യാംപ് നടക്കുന്ന സൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഓട്ടോ പിടിച്ചു. സ്ഥാപനത്തിന്റെ ആദ്യ കാഴ്ച തന്നെ ആകര്‍ഷണീയമായിരുന്നു. വയനാടിന്റെ കുന്നിന്‍ചെരിവുകള്‍ക്കിണങ്ങിയ പുതുപുത്തന്‍ കെട്ടിടങ്ങള്‍. പ്രകൃതിമനോഹരമായ ചുറ്റുപാടുകള്‍.
11 മണിയോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ക്യാംപ് ഹാളിലേക്കു പ്രവേശിച്ചു. സാഹിത്യ ആലോചനകളുടെയും വിചാരങ്ങളുടെയും രണ്ടുദിനത്തിനു തുടക്കം കുറിക്കാനിരിക്കുകയാണ്. 40ഓളം ക്യാംപ് അംഗങ്ങളില്‍ പരിചിതമുഖങ്ങള്‍ ഒന്നും തന്നെയില്ല. ഉദ്ഘാടന സെഷന്‍ എന്ന ഔപചാരികത പെട്ടെന്ന് അവസാനിച്ചു. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത ഒ.കെ ജോണിയാണ് ആദ്യ സെഷനില്‍ സംസാരിച്ചത്. കേട്ടറിവിനപ്പുറത്തേക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് എന്നു മാത്രം അറിയാം. വായനയുടെ നവ്യാനുഭൂതിയെ പുല്‍കാനുതകുന്നതായിരുന്നു ഭാഷണം. കൂടാതെ വിവര്‍ത്തനശാഖ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം സംവദിച്ചു.
തുടര്‍ന്ന് സാഹിത്യത്തിലെ പ്രതിനിധാനങ്ങളെ കുറിച്ചുള്ള സെഷനായിരുന്നു. എഴുത്തുകാരനും അധ്യാപകനുമായ കെ. അബൂബക്കറാണ് വിഷയം അവതരിപ്പിച്ചത്. മാഞ്ഞുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ബോധപൂര്‍വം മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാഷാമലയാളത്തെ കുറിച്ച് അദ്ദേഹം ഏറെ വാചാലനായി. ഏറെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ആ സെഷനു വിരാമമിട്ടു.
ചെറിയ ഇടവേളയ്ക്കു ശേഷം സംസാരിക്കാനെത്തിയത് കഥാകാരി ഷാഹിന കെ. റഫീഖായിരുന്നു. ഷാഹിനയുടെ കഥപറച്ചിലായിരുന്നു തുടര്‍ന്നങ്ങോട്ട്. ഒരു നിമിഷത്തേക്ക് എല്ലാവരെയും പ്രണയത്തിന്റെ ഭാവനാത്മകമായ വിവിധാനുഭവങ്ങളിലേക്കു തള്ളിവിടാന്‍ അവരൊരു ശ്രമം നടത്തി. ആ ശ്രമം ചെറിയ നിലക്കെങ്കിലും വിജയിച്ചുവെന്നു തന്നെ പറയാം. ഓരോരുത്തരും തങ്ങളുടെ പ്രണയവിചാരങ്ങള്‍ രണ്ടുവരിയിലെഴുതി പങ്കുവച്ചു. കഥാകാരി അതിന്റെ വിലയിരുത്തലും നടത്തി.
പിന്നെ ആ നാടിനെ ഒന്നു പുല്‍കാനിറങ്ങി. ക്യാംപില്‍നിന്നു ലഭിച്ച സുഹൃത്തുക്കള്‍ക്കൊപ്പം അവിടത്തെ നാട്ടിടവഴികളിലൂടെ ഏറെ നടന്നു. ശാന്തമായി കിഴക്കോട്ടൊഴുകുന്നു നമ്മുടെ കബനി നദി, വഴിപോക്കരെയൊന്നും ഗൗനിക്കാതെയങ്ങനെയങ്ങനെ...
രാത്രിയില്‍ വീണ്ടും ഞങ്ങള്‍ ഒത്തുകൂടി. 'സാഹിത്യത്തിലെ പ്രതിനിധാനങ്ങളും ആവിഷ്‌ക്കാരവും' എന്ന വിഷയത്തില്‍ സംവദിക്കാന്‍ യുവ എഴുത്തുകാരനും മാതൃഭൂമി കഥാ പുരസ്‌കാര ജേതാവുമായ ആന്റോ സബിന്‍ ജോസഫ്. കൂടെ മാധ്യമപ്രവര്‍ത്തകന്‍ അഷറഫ് വാളൂരും. വിഷയത്തിന്റെ ആഴങ്ങളിലേക്കിറങ്ങാന്‍ സാധിച്ചില്ലെങ്കിലും ചില സ്വയംതിരുത്തലുകള്‍ക്കും ആത്മവിചിന്തനങ്ങള്‍ക്കും സെഷന്‍ വേദിയൊരുക്കി. തുടര്‍ന്ന് അനീസ് വില്ലന്റെ 'ഏകാഭിനയ'മായിരുന്നു. ശരിക്കും ഞെട്ടിച്ചുകളഞ്ഞ തകര്‍പ്പന്‍ ഏകാഭിനയം! ബഷീറിന്റെ വിഖ്യാഥ നോവല്‍ 'മതിലുകള്‍' ആയിരുന്നു അഭിയനത്തിനെടുത്തത്. നാടകത്തില്‍ ബഷീറിന്റെ നാരായണിയാവാന്‍ ഞങ്ങളെ ഓരോരുത്തരെയും ആ കലാകാരന്‍ സ്വാഗതം ചെയ്തു. നാടകം അവസാനിച്ചിട്ടും മനസിലെവിടെയോ ഒരു വിങ്ങലായി ബഷീറും നാരായണിയും മുറുമുറുത്തുകൊണ്ടിരുന്നു. അങ്ങനെ ഒന്നാം ദിവസത്തിനു പരിസമാപ്തി.
പിറ്റേന്നു രാവിലെ നേരത്തെ തന്നെ കബനി നദിയിലേക്കൊരിക്കല്‍ കൂടി കൂട്ടുകാര്‍ക്കൊപ്പം നടന്നു. മനസിനെ കുളിരണിയിച്ചു പുതിയ ദിവസത്തിനു തുടക്കം. വീണ്ടും ക്യാംപ് സജീവമായി. കലയുടെ അതിജീവനവും വെല്ലുവിളികളുമായി ബന്ധപ്പെട്ട് യുവകഥാകൃത്ത് ഷംസുദ്ദീന്‍ മുബാറക്കിന്റെ സംസാരം. കലാകാരന്‍ തന്റെ മാത്രം പുസ്തകത്തില്‍ ഒതുങ്ങാനാഗ്രഹിക്കുന്നില്ലെന്നും കിടമത്സരം നടക്കുന്ന പുറംലോകത്തേക്കുള്ള വഴി തേടുന്നുവെന്നും അദ്ദേഹം ഹൃദ്യമായി പറഞ്ഞുവച്ചു.
പിന്നീടെത്തിയത് മലയാളത്തിന്റെ പ്രിയ കവി കല്‍പറ്റ നാരായണന്‍ മാഷായിരുന്നു. കവിതയിലൂടെ, ചെറിയ വാക്കുകളിലൂടെ, വലിയൊരുള്‍ക്കാഴ്ച സമ്മാനിച്ച മാഷ് മനസില്‍ ഒരേസമയം ഒരു കുളിര്‍മഴ പെയ്യിക്കുകയും ഉള്ളിലെവിടെയോ ഒരു നീറ്റല്‍ അവശേഷിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കവിയും അധ്യാപകനുമായ എം.ബി മനോജ് സാറിന്റെ സാഹിത്യത്തെക്കുറിച്ചും സാഹിത്യഘടനയെ കുറിച്ചുമുള്ള ദീര്‍ഘമായൊരു ക്ലാസ്. ചര്‍ച്ച സാഹിത്യ പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തിലേക്കു ചുവടുവച്ചു. ഇടയ്ക്ക് വന്ന അനീസ് കെ മാപ്പിള വയനാടന്‍ രേഖകളിലൂടെ, ആദിവാസി ജീവിതത്തിലൂടെ ഒരു യാത്ര തന്നെ നടത്തി. ആ നേരനുഭവത്തിന്റെയും കഷ്ടപ്പാടിന്റെയും നറുമണമായിരുന്നു അനീസിന് ഇത്തവണ ലഭിച്ച മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ്. തുടര്‍ന്ന് കവി ശൈലന്റെയും സംവിധായകന്‍ ഷഫീഖ് കടവത്തൂരിന്റെയും സംസാരങ്ങള്‍. ലളിതമായ രീതിയില്‍ നര്‍മം ചാലിച്ചു തന്നെ കവിയുടെ ചില പ്രധാന നോട്ടങ്ങള്‍ അവതരിപ്പിച്ചു. എഴുത്തിന്റെ കാലികപ്രസക്തിയും അദ്ദേഹം ചര്‍ച്ചയില്‍ കൊണ്ടുവന്നു.
അങ്ങനെ രണ്ടു ദിവസത്തെ ക്യാംപ് സാഹിത്യത്തെ കുറിച്ചുള്ള പുത്തന്‍ ആലോചനകള്‍ സമ്മാനിച്ചാണു സമാപിച്ചത്. സമാപിക്കുമ്പോള്‍ വില്ലന്‍ എന്ന അഭിനയപ്രതിഭ ഞങ്ങളോടൊപ്പം വീട്ടിലേക്കു കൂടെപ്പോരുകയും ചെയ്തു. അനുഭവസാന്ദ്രമായ രണ്ടു ദിവസത്തിനു ശേഷം വയനാടന്‍ സൗന്ദര്യത്തിലേറെയും കണ്ണെന്ന കാന്‍വാസിലേക്കൊപ്പിയെടുത്ത് ഞങ്ങള്‍ ചുരമിറങ്ങി. വയനാടിന്റെ കുളിരും തണുപ്പും ഒരുപിടി നല്ല ഓര്‍മകളും മനസില്‍ താലോലിച്ചുകൊണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."