കളിമണ്‍ കൂട്ടുകാര്‍
കുലത്തൊഴിലുകളെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വം ചില സമുദായങ്ങളുണ്ട് കേരളത്തില്‍ ഇന്നും. സര്‍ക്കാര്‍ ആനുകൂല്യങ്ങളോ തൊഴിലില്‍ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവര്‍ ആകെ അറിയാവുന്ന തൊഴിലിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സാമുദായികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ അത്തരത്തില്‍ ഒരു ജനവിഭാഗമാണ്. വര്‍ഷങ്ങളായി പരമ്പരാഗത രീതിയില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലായി ഈ വിഭാഗം ജനങ്ങള്‍ മണ്‍പാത്ര നിര്‍മാണ തൊഴിലുമായി കഴിഞ്ഞുകൂടുന്നു.
പണ്ടുകാലത്ത് മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ മണ്‍പാത്ര നിര്‍മാണത്തിന്റെ ഭാഗമായിരുന്നു. പില്‍ക്കാലത്ത് സമൂഹത്തില്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള അവബോധം ഏറിവന്നതും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ലഭ്യമായി തുടങ്ങിയതും ഈ മേഖലയില്‍നിന്നു പുതിയ തലമുറയെ പിന്നോട്ടു വലിച്ചു. കുലത്തൊഴില്‍ നല്‍കുന്ന നഷ്ടക്കണക്കും സാമ്പത്തികമായി ലാഭമില്ലെന്ന തോന്നലും അധ്വാനഭാരവും അതിന് ആക്കം കൂട്ടി.
അവഗണനയില്‍ ഒരു തൊഴില്‍വിഭാഗം
സ്വാതന്ത്ര്യാനന്തരം എഴുപതു വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ തൊഴില്‍വിഭാഗത്തിനു കാര്യമായ പിന്തുണകളൊന്നും ലഭിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. പരമ്പരാഗത വ്യവസായ പട്ടികയില്‍ ഇന്നോളം ഈ തൊഴിലിനെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു കുലത്തൊഴിലായി മാത്രം കണ്ട് ജോലി തുടരുന്നവരാണു മിക്ക പേരും.
മണ്‍പാത്ര നിര്‍മാണത്തിന് ഏറ്റവും അടിസ്ഥാനമായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ദൗര്‍ലഭ്യം ചെറുകിട തൊഴിലാളികള്‍ക്ക് ഏറ്റവും വലിയ പ്രഹരമായിരുന്നു. ഓട്, ഇഷ്ടിക തുടങ്ങിയവ നിര്‍മിക്കുന്ന വന്‍കിട കമ്പനികളെ ലക്ഷ്യമിട്ട് തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത് ചെറുകിട കുലത്തൊഴില്‍ തൊഴിലാളികളെയും ബാധിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും ചെറുകിട തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ലെന്ന തിരിച്ചറിവും ഇവരെ അടിമുടി തളര്‍ത്തി. നിയമങ്ങള്‍ എന്നും വന്‍കിട കമ്പനികളെ ലക്ഷ്യം വച്ചുള്ളതാകുമ്പോള്‍ അതിന്റെ അലയൊലികളില്‍പെട്ടു പോകാറുള്ളത് ചെറുകിട തൊഴിലാളികളാണല്ലോ!
അതോടൊപ്പം റവന്യൂ വകുപ്പും ജിയോളജി വകുപ്പും പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ കളിമണ്‍ ഖനനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണ് ഖനനം ചെയ്യുന്ന പ്രദേശങ്ങളിലെ പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടികളെങ്കിലും പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നാണു തൊഴിലാളികള്‍ പറയുന്നത്. മണ്ണെടുക്കുന്ന ഇടങ്ങളില്‍ പുതിയ മണ്ണിട്ടു നല്‍കിയാല്‍ തന്നെ പ്രശ്‌നത്തിനു പരിഹാരമാകും എന്നതാണു വസ്തുത.
മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെയും ഇതര സംഘടനകളുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി 2014ല്‍ അന്നത്തെ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന വ്യവസായ വകുപ്പ് ഒരു കുടുംബത്തിന് 50 ടണ്‍ കളിമണ്ണ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. നിയമത്തില്‍ പുനരാവിഷ്‌ക്കരണം നടത്തിയതായിരുന്നുവെങ്കിലും ഇതില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന മാറ്റം തൊഴിലാളികളെയും നിരന്തരം ബുദ്ധിമുട്ടിലാക്കി. ഇന്ന് 25,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണു കളിമണ്‍ ഖനനം. അതേസമയം അഞ്ച് ബജറ്റുകളിലായി പിന്നോക്ക തൊഴിലാളി ഉന്നമന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കു വകയിരുത്തി നല്‍കിയിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ പുതിയ ബജറ്റില്‍ അഞ്ചുകോടിയും ഇവര്‍ക്കായി വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, ആ തുക ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ലെന്നതാണു സ്ഥിതി.
അധിക ബാധ്യത
നിലവില്‍ വയനാട്, ബംഗളൂരു, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍നിന്നാണ് മണ്ണ് പണിസ്ഥലങ്ങളിലേക്കു കൊണ്ടുവരുന്നത്. ഇതിന് ആവശ്യമാകുന്ന യാത്രാചെലവ് പലപ്പോഴും തൊഴിലാളികള്‍ക്കു താങ്ങാവുന്നതല്ല. ഇതിനു പുറമെയാണു നിര്‍മിച്ച പാത്രങ്ങള്‍ ചൂളയിലേക്കിട്ടു ചുട്ടെടുക്കാന്‍ ആവശ്യമായ ചിരട്ട, വിറക്, വൈക്കോല്‍, ചകിരി എന്നിവയുടെ വര്‍ധിച്ച ചെലവ്. ചൂളയിലിടുന്ന എല്ലാ പാത്രങ്ങളും അതുപോലെ തിരികെക്കിട്ടും എന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. പലപ്പോഴും പലതും പൊട്ടിപ്പോകുന്നതും നഷ്ടമുണ്ടാക്കുന്നു.
നിര്‍മിച്ച വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാര തുക ഒന്നും തന്നെ തൊഴിലാളികള്‍ക്കു ലഭ്യമാവുകയുമില്ല. കരകൗശല വിദഗ്ധ തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന തുച്ഛമായ തുക ഒഴിച്ചുനിര്‍ത്തിയാല്‍ ഇവര്‍ക്കു മറ്റൊരു ആനുകൂല്യവും ലഭ്യമാകുന്നില്ലെന്നത് തൊഴില്‍ ഉപേക്ഷിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു. കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലൂടെ ജനജീവിതം മുന്നോട്ടുപോകുന്ന കാലത്ത് ഭക്ഷണത്തിലും അതു തയാറാക്കുന്ന പാത്രങ്ങളിലും മാറ്റം അനിവാര്യമായി വരുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി 'മണ്‍പാത്രം ഉപയോഗിക്കൂ, ആരോഗ്യം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള കാംപയിനിങ്ങുകള്‍ തൊഴിലാളികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെങ്കിലും അത് കച്ചവടതന്ത്രമായി മാത്രം ചുരുങ്ങിയിരിക്കുകയാണ്.
പുതിയ സാധ്യതകള്‍
കേരളത്തില്‍ മാത്രം 10 ലക്ഷം ജനങ്ങള്‍ ഈ സമുദായത്തിലുണ്ട്. ഇതില്‍ ഇപ്പോള്‍ വെറും 5000 കുടുംബങ്ങളാണു കുലത്തൊഴിലായി മണ്‍പാത്ര നിര്‍മാണം നിലനിര്‍ത്തി പോരുന്നത്. മറ്റുള്ളവരൊക്കെയും സമൂഹവും സര്‍ക്കാരും നല്‍കിയ അവഗണന സഹിക്കാന്‍ വയ്യാതെ തൊഴില്‍ ഉപേക്ഷിച്ചവരാണ്. ഇവരില്‍ നല്ലൊരു വിഭാഗം ജനങ്ങളും സഹായം ലഭിച്ചാല്‍ തൊഴിലിലേക്കു തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. സബ്‌സിഡിയായി വായ്പ, ചൂളനിര്‍മാണ ചെലവില്‍ സഹായം, ആധുനിക രീതിയിലുള്ള നിര്‍മാണ ഉപകരണങ്ങള്‍ എന്നിവയൊക്കെ ലഭിക്കുകയാണെങ്കില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടാവും എന്നതില്‍ തര്‍ക്കമില്ല.
ഇന്‍സ്റ്റിറ്റ്യൂട്ട് അടിസ്ഥാനത്തില്‍ മണ്‍പാത്ര നിര്‍മാണം പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ പുതിയ വിപ്ലവത്തിന്റെ തുടക്കമാവുമത്. പാത്ര നിര്‍മാണത്തിലോ ഉപയോഗത്തിലോ ഒരു രീതിയിലുമുള്ള ചര്‍മരോഗം ജനങ്ങള്‍ക്കുണ്ടാവുന്നില്ല. എന്നിട്ടും ചെളി എന്ന രീതിയിലാണു സമൂഹം ഇതിനെ നോക്കിക്കാണുന്നത്. പ്രകൃതി ചികിത്സയിലെ പോലും അനിവാര്യഘടകമായ കളിമണ്ണിനെ ഈ രീതിയില്‍ ആവിഷ്‌ക്കരിക്കുന്നതില്‍ അനീതിയുണ്ട്, പുതുതലമുറയുടെ അറിവില്ലായ്മ്മയും. കറുപ്പ് നിറത്തിലുള്ള മണ്‍പാത്രങ്ങള്‍ ഇന്ന് വിപണിയില്‍ സജീവമായി കണ്ടുവരുന്നുണ്ട്. കന്യാകുമാരിയിലും മറ്റുമായി നിര്‍മിക്കുന്ന ഇവയില്‍ നിര്‍മാണവേളയില്‍ കളിമണ്ണിനു പുറമെ സാധാരണ മണ്ണു കൂടി ചേര്‍ക്കാറുണ്ട്. കുറഞ്ഞ വിലയ്ക്കാണ് അയല്‍സംസ്ഥാന തൊഴിലാളികള്‍ ഇതു വില്‍പന നടത്തുന്നതും. ഇത് കേരളത്തിലെ തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിനെല്ലാം പുറമെ പാത്രവില്‍പനയ്ക്ക് കൃത്യമായൊരു മാര്‍ക്കറ്റില്ലെന്നത് തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. ഉത്സവചന്തകള്‍ കേന്ദ്രീകരിച്ചുള്ള വിപണനമാണ് ഇന്നു സാധാരണ നടന്നുവരുന്നത്. കാലം മാറിയതോടെ തലച്ചുമടായി വീടുകളില്‍ കൊണ്ടുചെന്നുള്ള വില്‍പനാരീതി പാടേ ഇല്ലാതായി. അവശേഷിക്കുന്നവര്‍ പ്രായം ചെന്നവര്‍ മാത്രവും.
ഏതു രീതിയില്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാ വസ്തുക്കളുടെയും നിലനില്‍പ്പ്. ആ നിലയ്ക്ക് അല്‍പം ശ്രദ്ധയോടെയുള്ള ഉപയോഗമാണെങ്കില്‍ മണ്‍പാത്രങ്ങള്‍ എത്രകാലം വേണമെങ്കിലും നിലനില്‍ക്കും. എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുള്ളത് കാസര്‍കോട് ജില്ലയിലെ എരിക്കുളം എന്ന സ്ഥലത്താണെങ്കിലും മലപ്പുറം, പാലക്കാട് ജില്ലകള്‍ ആണു പാത്രനിര്‍മാണത്തില്‍ മുന്‍പന്തിയിലുള്ളത്.
കാലവര്‍ഷത്തില്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മാതാക്കള്‍ക്ക് തൊഴിലെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ദിവസക്കൂലി കണക്കാക്കി തൊഴിലാളികളുടെ വരുമാനം കണക്കാക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഉത്സവ ചന്തകള്‍ ലക്ഷ്യംവച്ചുള്ള വിപണനമായതു കൊണ്ടുതന്നെ ആ സമയങ്ങളില്‍ മാത്രമാണ് കാര്യമായ കച്ചവടം സാധ്യമാവുകയുള്ളൂ. അതില്‍ തന്നെയും ഉത്സവം കഴിഞ്ഞ സ്ഥലങ്ങളില്‍നിന്ന് പാത്രങ്ങള്‍ തിരികെ കൊണ്ടുപോകാനുള്ള ചെലവ് കണക്കിലെടുത്ത് പലപ്പോഴും മിച്ചം വരുന്ന പാത്രങ്ങള്‍ വില കുറച്ച് വിപണനം നടത്തേണ്ടിയും വരുന്നു. ഇതും തൊഴിലാളികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
പരമ്പരാഗത നിര്‍മാണരീതിയില്‍നിന്നു മാറി യന്ത്രവല്‍കൃത അരവ് മെഷിനുകളും വൈദ്യുത മെഷിനുകളും ലഭ്യമായാല്‍ തൊഴിലാളികളുടെ ജോലി ഭാരത്തില്‍ ഏറെ കുറവുണ്ടാകും. സ്വന്തം ചെലവില്‍ ഈ രീതി പിന്തുടരുകയെന്നത് തൊഴിലാളികള്‍ക്ക് സാധിക്കുന്ന കാര്യവുമല്ല. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തൊഴില്‍ ചെയ്യാനുള്ള സാഹചര്യമുണ്ടായാല്‍ ഒരുപാടുപേര്‍ ഇനിയും ഈ മേഖലയിലേക്കു തിരികെ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ തൊഴിലാളിദിനത്തിലെങ്കിലും മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്നു പ്രത്യാശിക്കാം. അങ്ങനെയെങ്കില്‍ അതൊരു ജനവിഭാത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നീതിയും പുതുജീവനവുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."