കാര്‍ ഡാമിലേക്ക് പതിക്കും മുന്‍പ് അമ്മയ്ക്ക് രക്ഷകനായി മകന്
തൊടുപുഴ: മലങ്കര ഡാമിലേക്കു പതിക്കുകയായിരുന്ന കാറില്‍നിന്ന് അമ്മയെ അത്ഭുകരമായി മകന് രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാര്‍ ഡാമില്‍ പതിച്ചു. ഡ്രൈവിങ് പരിശീലനത്തിനിടെയായിരുന്നു അബദ്ധത്തില്‍ കാര്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം തോമസിന്റെ ഭാര്യ മോളി തോമസിനെയാണ് മകന് പ്രിന്‍സ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടം റൈഫിള്‍ ക്ലബിനു സമീപമായിരുന്നു സംഭവം.
ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതിനുശേഷം മകനുമൊത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശയത്തോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയതായിരുന്നു മോളി.
അമ്മയെ വാഹനത്തിനുള്ളില്‍ ഇരുത്തിയതിനു ശേഷം പ്രിന്‍സ് പുറത്തിറങ്ങി. കാര്‍ റിവേഴ്സ് ഗിയറിലായിരുന്നതു പ്രിന്‍സ് അറിഞ്ഞില്ല. ഇതിനിടെ മോളി ആക്സിലേറ്ററില്‍ കാലമര്‍ത്തിയതോടെ വാഹനം പിന്നിലേക്കു പാഞ്ഞു. കാറിനടുത്തേക്കോടിയടുത്ത പ്രിന്‍സ് ഉടന്‍ ഡോര്‍ തുറന്ന് എന്ജിന് ഓഫാക്കി അമ്മയെ വലിച്ച് പുറത്തിറക്കുകയായിരുന്നു. മോളി പുറത്തിറങ്ങിയ ഉടന്‍തന്നെ കാര്‍ അണക്കെട്ടില്‍ പതിക്കുകയും ചെയ്തു.
തീരത്തുനിന്ന് 30 അടിയോളം നീങ്ങിയ കാര്‍ തൊടുപുഴ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന കയര്‍കെട്ടി കരഭാഗത്തേക്ക് അടുപ്പിക്കുകയായിരുന്നു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിമാറ്റി. കാര്‍ മുങ്ങിയ ഭാഗത്ത് 15 അടിയോളം താഴ്ചയുണ്ടായിരുന്നു.
കാറില്‍നിന്നു രക്ഷപ്പെടുന്നതിനിടെ മോളിക്ക് പോറല്‍പോലും ഏറ്റില്ല. മുട്ടം പൊലിസും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."