മദ്‌റസാ അധ്യാപകന്റെ കൊലപാതകം അത്യന്തം ഞെട്ടലുളവാക്കുന്നത്: എസ്.കെ.എസ്.എസ്.എഫ്
ദോഹ: ഒരു പ്രകോപനവുമില്ലാതെ മസ്ജിദിനകത്തു കയറി നിഷ്ഠുരമായി ചൂരിയിലെ റിയാസ് എന്ന മദ്‌റസാധ്യാപകന്റെ കൊലപാതകം വളരെ പൈശാചികവും അത്യന്തം ഞെട്ടലുളവാക്കുന്നതുമാണെന്നു ഖത്തര്‍ കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് കെ.എസ് അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.എ നാസര്‍ കൈതക്കാട്, ട്രഷറര്‍ ഹാരിസ് എരിയാല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
നാടിനെ നടുക്കിയ ഈ കൊലപാതകത്തിലൂടെ ആത്മവിശ്വാസം നഷ്ട്ടപ്പെട്ടു ഭയവിഹ്വലരായ നാട്ടിലെ ജനങ്ങള്‍ക്ക് സമാധാനവും ആത്മവിശ്വാസവും തിരിച്ചുകിട്ടാന്‍ പൊലിസ് അടിയന്തരമായി കൊലപാതക സംഘത്തെയും ഗൂഢാലോചനക്കരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇതിനു മുന്‍പ് നടന്ന പല കൊലപാതക കേസുകളിലെയും വിചാരണ വൈകിയതും ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിയാത്തതുമാണ് ഇത്തരം കൊടുംപാതകത്തിനു കോപ്പു കൂട്ടാന്‍ ക്രിമിനലുകള്‍ക്ക് വളമായതെന്നും നേതാക്കള്‍ സൂചിപ്പിച്ചു. മരണപ്പെട്ട അധ്യാപകന്റെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം മനസ്സിലാക്കി മറ്റു കാര്യങ്ങള്‍ ജില്ലാ കമ്മിറ്റി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ചൂരി മദ്‌റസാ അധ്യാപകന്റെ കൊലപാതകം: അത്യന്തം നിഷ്ഠുരവും ക്രൂരവും ഖത്തര്‍ കെ.എം.സി.സി
ദോഹ: കാസര്‍കോഡ് പഴയ ചൂരിയിലെ മദ്‌റസാ അധ്യാപകന്‍ റിയാസ് മൗലവിയെ വര്‍ഗീയ ഫാസിസ്റ്റ് സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം അത്യന്തം നിഷ്ഠുരവും ക്രൂരവുമാണെന്ന് ഖത്തര്‍ കാസര്‍കോഡ് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, ജന:സെക്രട്ടറി സാദിക്ക് പാക്ക്യാര ട്രഷര്‍ ശംസുദ്ധീന്‍ ഉദിനൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സമാധാനം നിലനില്‍ക്കുന്ന കാസര്‍കോടും പരിസര പ്രദേശങ്ങളിലും വീണ്ടും അശാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഘങ്ങളെ സംസ്ഥാനത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍മാരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങളില്‍ ഇരട്ടനീതിയാണ് പലപ്പോഴും പൊലിസ് നടപ്പാക്കുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു പഴുതടച്ച അന്വേഷണം തന്നെ വേണമെന്നും ശക്തമായി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."