മരണക്കെണിയൊരുക്കി എ.സി റോഡിലെ കുഴികള്‍; ഉറക്കം നടിച്ച് അധികൃതര്‍
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഓവര്‍ സ്പീഡ് കണ്ടുപിടിക്കാന്‍ മുട്ടിനുമുട്ടിന് ക്യാമറയുടെയോ വേഗത നിയന്ത്രിക്കാന്‍ വാഹനങ്ങളില്‍ സ്പീഡ്ഗവര്‍ണര്‍ സ്ഥാപിക്കേണ്ടയോ ആവശ്യമില്ല. വാഹനങ്ങള്‍ പതുക്കയേ ഓടിക്കാന്‍ കഴിയൂ. കാരണം അത്രകണ്ട് പരിതാപകരമായ അവസ്ഥയിലാണ് ഈ റോഡ്.
കളര്‍കോട് മുതല്‍ ചങ്ങനാശേരി വരെ ഇരുപത്തിനാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എ.സി റോഡില്‍ മരണക്കുഴികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ഓരോദിവസം ചെല്ലുന്തോറും ചെറുകുഴികള്‍വരെ കൂറ്റന്‍ കുഴികളായി മാറുകയാണ്. ഏതാണ്ട് നാല്‍പ്പതോളം അപകടകരമായ കുഴികളാണ് ഇങ്ങനെ രൂപപ്പെട്ടിരിക്കുന്നത്.
റോഡിന്റെ അവസ്ഥയറിയാതെ മറ്റ് ജില്ലകളില്‍നിന്ന് അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുഴിയില്‍വീണും വീഴാതിരിക്കാന്‍ വാഹനം വെട്ടിക്കുകയും ചെയ്യുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. ചിലപ്പോള്‍ ഇങ്ങനെ വെട്ടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രണംതെറ്റി കനാലില്‍ വീണും നിരവധി അപകടങ്ങളാണുണ്ടാകുന്നത്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
പള്ളാത്തുരുത്തി, കൈനകരി, പണ്ടാരക്കളം, പൂപ്പള്ളി, മങ്കൊമ്പ്, ചമ്പക്കുളം, രാമങ്കരി എന്നിവടങ്ങളിലെല്ലാം കുഴികള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്.
കാലവര്‍ഷം ഇതുവരെയും ശക്തിപ്രാപിക്കാഞ്ഞതാണ് ഏക ആശ്വാസം. അല്ലെങ്കില്‍ ഇതുവഴിയുള്ള ബസ് സര്‍വീസുള്‍പ്പെടെയുള്ള യാത്രതന്നെ മുടങ്ങുമായിരുന്നു. ദേശീയപാതയിലേതെന്നപോലെ ദിവസേന ആയിരകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി യാത്രക്കാരുടേയും റോഡരികില്‍ താമസിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."