വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി
മണ്ണഞ്ചേരി: ജനകീയ പഠന പിന്തുണ പദ്ധതി രണ്ടാമത്തെ വീടും നിര്‍മിച്ച് കൈമാറി. തകര്‍ന്ന് വീഴാറായ മേല്‍ക്കൂരയ്ക്ക് കീഴില്‍ വീണ്ടു കീറിയ നാലു ഭിത്തി മുറിയില്‍ ആശങ്കയോടെ കഴിഞ്ഞിരുന്നഗോപിക കൃഷ്ണനും ഗോപു കൃഷ്ണനും ഇനി ഭയപ്പെടാതെ സുരക്ഷിതമായുറങ്ങാം.
കാവുങ്കല്‍ പടിഞ്ഞാറ് പട്ടംവെളി വീട്ടില്‍ ഗോപാലകൃഷ്ണന്‍ ലോട്ടറി വിറ്റാണ് ഉപജീവനം കഴിക്കുന്നത്. വൈകല്യങ്ങളെ കൂസാതെ ജീവിത പ്രാരാബ്ദങ്ങളെ നേരിട്ടാണ് ഗോപാലകൃഷ്ണന്‍ മക്കളെ പഠിപ്പിക്കുന്നത്. മക്കള്‍ രണ്ടു പേരും ബിരുദ വിദ്യാര്‍ത്ഥികളാണ്. പഠനം തുടരാന്‍ ബുദ്ധിമുട്ടുമ്പോഴാണ് പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ പഠന പിന്തുണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് പഠനസഹായം നല്‍കി വരുന്നത്.
പദ്ധതിയില്‍ നല്‍കുന്ന രണ്ടാമത്തെ വീടാണിത്. പദ്ധതിയില്‍ ആദ്യത്തെ വീട് നിര്‍മിച്ചു നല്‍കിയത് ചങ്ങംപ്പോട്ട് റിനാസിനായിരുന്നു. തൃശ്ശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് റിനാസിന് വീട് നിര്‍മ്മിക്കുവാന്‍ സഹായം നല്‍കിയത്. പദ്ധതിയെ കുറിച്ചുള്ള ധനകാര്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് വീടിന് വഴിതുറന്നത്. ഫേസ്ബുക്ക് പോസ്റ്റ് കണ്ട ആസ്‌ട്രേലിയയിലെ ബെര്‍വിക് അയല്‍കൂട്ടമാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായി വന്നത്.
രണ്ടു മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ടു മുറികളും അടുക്കളയും അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയടക്കം 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സുന്ദരമായ വീട്. വീടിന്റെ താക്കോല്‍ ബെര്‍വിക് അയല്‍കൂട്ടം പ്രതിനിധികള്‍ ജോര്‍ജും ജേക്കബ്ബും ചേര്‍ന്ന് കൈമാറി. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് സന്നിഹിതനായിരുന്നു. അഡ്വ.ആര്‍.റിയാസ്, പി.വിനീതന്‍, റ്റി.എസ് സുനീഷ് ദാസ് , മഞ്ജു രതികുമാര്‍, പി.എ.ജുമൈലത്ത്, വാര്‍ഡ് മെമ്പര്‍ മിനി, കെ.വി.രതീഷ്, നൗഷാദ് പുതുവീട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."