ലൈഫ് പദ്ധതി: അഗളി പഞ്ചായത്തില്‍ 1,000 വീടുകള്‍ പൂര്‍ത്തിയായി
അഗളി: സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് പാര്‍പ്പിട പദ്ധതി പ്രകാരം അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 1,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പട്ടിക വര്‍ഗക്കാര്‍ക്കുള്ള പദ്ധതി പ്രകാരം അഗളിയിലെ 72 ആദിവാസി ഊരുകളിലായാണ് 1,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് ആദിവാസികള്‍ക്ക് നേരിട്ടാണ് വീടിനാവശ്യമായ പണം അനുവദിച്ചത്. ഓരോ വീടിനും മൂന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരേയാണ് ചെലവ് വന്നത്. ആദിവാസികള്‍ ഇടനിലക്കാരില്ലാതെ സ്വന്തമായി നിര്‍മിച്ച വീടുകള്‍ ഇതിനകം താമസം തുടങ്ങിക്കഴിഞ്ഞു. അഗളി പഞ്ചായത്തിനു പുറമെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലും ആയിരത്തോളം വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
അട്ടപ്പാടി ഐ.ടി.ഡി.പിക്കു കീഴില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം നടക്കുന്നത്. അഗളി പഞ്ചായത്തില്‍ ടി.ഇ.ഒ എം. നിസാറുദ്ധീന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതുകൊണ്ടാണ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 1,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനായത്. ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അട്ടപ്പാടിയിലെ ആദിവാസികളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ആദിവാസികളല്ലാത്തവര്‍ക്ക് പഞ്ചായത്തുകള്‍ മുഖാന്തിരം ഇപ്പോള്‍ വീടുകള്‍ നല്‍കാനുള്ള നടപടികള്‍ നടന്നുവരുന്നുണ്ട്.
അട്ടപ്പാടിയില്‍ അനേകം വീടുകളുടെ നിര്‍മാണം ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഇവക്ക് ആവശ്യമായ നിര്‍മാണ സാമഗ്രികളുടെ അഭാവം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ മണല്‍, കല്ല് എന്നിവക്ക് പൂര്‍ണനിരോധനം വന്നിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഇവയെല്ലാം കൊണ്ടുവരുന്നത് അട്ടപ്പാടിക്ക് പുറത്തുനിന്നാണ്. അതുകൊണ്ടുതന്നെ വീടുകളുടെ നിര്‍മാണ ചെലവും കൂടുതലാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."