പോരാട്ടച്ചൂടില്‍ അമ്മന്‍നട; ഉപതെരഞ്ഞെടുപ്പ് 31ന്
കൊല്ലം: കോര്‍പറേഷനിലെ അമ്മന്‍നട ഡിവിഷന് പോരാട്ടച്ചൂടില്‍. ഇപ്പോഴത്തെ നഗരസഭാ ഭരണസമിതി നിലവില്‍ വന്ന ശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് അമ്മന്നടയിലേത്. എല്‍.ഡി.എഫ് കൗണ്‍സിലര്‍ അഞ്ജു ആര്. കൃഷ്ണന് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചന്ദ്രികാദേവി, യു.ഡി.എഫ് സ്ഥാനാര്‍ഥി ഒ. ജയശ്രീ, ബി.ജെ.പി സ്ഥാനാര്‍ഥി പി. ഗംഗ എന്നിവരാണ് ഉപതെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. യു.ഡി.എഫ് അമ്മന്‍നട ഡിവിഷനിലെ വികസന മുരടിപ്പും വെള്ളക്കെട്ടും മാലിന്യ പ്രശ്നവും അടക്കമുള്ള ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ നഗരസഭ നടപ്പാക്കിയ വികസന പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുമാണ് എല്‍.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളും വീടുവീടാന്തരം കയറി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കുകയാണ്.പട്ടത്താനം സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് ഒ ജയശ്രീ. എല്‍.ഡി.എഫ് കോട്ടയായ കടപ്പാക്കട ഡിവിഷനില്‍ 2000, 2010 തെരഞ്ഞെടുപ്പുകളില്‍ അട്ടിമറി വിജയം ഇവര്‍ നേടിയിരുന്നു.
വടക്കേവിള പഞ്ചായത്ത് അംഗവുമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. തിരുവനന്തപുരം കോര്പറേഷന് ഡെപ്യുട്ടി സെക്രട്ടറിയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചന്ദ്രികാദേവി. ഇടത് സര്‍വിസ് സംഘടനയായ കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും വനിതാവിഭാഗം ചെയര്‍പേഴ്സണുമായിരുന്നു. ഇപ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയാണ്.
ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് പട്ടത്താനം രാധാകൃഷ്ണന്റെ ഭാര്യയാണ് പി. ഗംഗ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
മൂന്ന് പേരും ഡിവിഷനിലെ ഭൂരിഭാഗം വോട്ടര്‍മാരുമായും നേരിട്ട് ബന്ധമുള്ളവരാണ്. പ്രമുഖ പാര്‍ട്ടികളുടെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് പുറമെ മറ്റ് രണ്ടുപേര്‍ കൂടി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. 31നാണ് തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം വോട്ടെണ്ണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."