രാഷ്ട്രീയ കൊലപാതകങ്ങളും കേരളീയ സമൂഹവും
കണ്ണൂരിനോടു ചേര്‍ന്നുകിടക്കുന്ന മാഹി പ്രദേശത്ത് മെയ് ഏഴാം തിയ്യതി ഉണ്ടായ ഇരട്ടക്കൊലപാതകങ്ങള്‍ അക്രമ-ഹിംസാ രാഷ്ട്രീയം കേരളത്തില്‍ നിന്ന് അടുത്ത കാലത്തൊന്നും വേരറ്റു പോകാനിടയില്ലെന്ന സൂചന നല്‍കുന്നതാണ്. പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന പന്ത്രണ്ടാമത്തെ കൊലപാതകം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. കണ്ണൂരിന്റെ തൊട്ടു ചേര്‍ന്നുള്ള പ്രദേശങ്ങളും കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍വല്‍ക്കരണത്തിനു വിധേയമാക്കപ്പെടുന്നതിന്റെ തുടക്കമാണ് ബാബുവിന്റെ കൊലപാതകം. മാഹിയിലും ന്യൂമാഹിയിലും ഇനി വരുംനാളുകള്‍ കണ്ണൂരിലേതുപോലെ അശാന്തിയും കാലൂഷ്യങ്ങളും നിറഞ്ഞതു മാത്രമായിരിക്കുമെന്ന സൂചന നല്‍കപ്പെട്ടു കഴിഞ്ഞു. അതിനാലാണ് 2016 മെയില്‍ നിന്ന് 2018 മെയിലേക്കെത്തുമ്പോള്‍ രണ്ടുവര്‍ഷം പിന്നിട്ട എല്‍.ഡി.എഫ് സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് കൊലപാതക രാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടത്തിന് ഹരിശ്രീ കുറിക്കാന്‍ തന്നെയാണ് സംഘ്പരിവാര്‍ ബാബുവിനെ ഇരയാക്കിയത് എന്നു പറയുന്നത്. കേന്ദ്രത്തില്‍ അധികാരം കൈയാളുന്ന സംഘ്പരിവാറും കേരളത്തില്‍ ഭരണത്തിലിരിക്കുന്ന സി.പി.എമ്മും തമ്മിലുള്ള ഈ നരഹത്യാ മത്സരം പുതിയ മേഖലകളിലേക്കും പ്രദേശങ്ങളിലേക്കും പടര്‍ന്നുപിടിക്കുമ്പോള്‍ അവഗണിക്കപ്പെടുന്നത് കേരളത്തിലെ പൊതുസമൂഹത്തിന് സ്വസ്ഥവും സമാധാനവുമായി ജീവിക്കാനുള്ള ആഗ്രഹവും അവകാശവുമാണ്. മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം രണ്ടു സമാധാന യോഗങ്ങളില്‍ പങ്കെടുക്കാന്‍ പിണറായി വിജയന് ഭാഗ്യമോ ദൗര്‍ഭാഗ്യമോ ഉണ്ടായി. ഒന്നാം സമാധാന യോഗം കഴിഞ്ഞിറങ്ങിയപ്പോള്‍ പിണറായി വിജയനും സംഘ്പരിവാര്‍ നേതാക്കളും പറഞ്ഞത് കണ്ണൂരില്‍ ഇനി ആരുടേയും ചോരവീഴാന്‍ അനുവദിക്കില്ല എന്നാണ്. ഇതേ വാചകങ്ങള്‍ രണ്ടാം സമാധാന യോഗത്തിനു ശേഷവും ആവര്‍ത്തിച്ചു അതേ നേതാക്കള്‍. ഓരോ കൊലകള്‍ അരങ്ങേറുമ്പോഴും ആദ്യം കൊല്ലപ്പെടുന്ന പാര്‍ട്ടി അംഗത്തിന്റെ നേതാക്കള്‍ക്ക് കൂടുതല്‍ ഉറക്കെയും ആവേശത്തിലും മറുഭാഗത്തിനെതിരേ ശബ്ദിക്കുവാന്‍ സാധിക്കുന്നു. ആര്‍.എസ്.എസുകാരനില്‍ നിന്ന് സി.പി.എമ്മുകാര്‍ കൊല തുടങ്ങിയാല്‍ സി.പി.എം നരനായാട്ടാണ് നടത്തുന്നതെന്ന് അവരും സി.പി.എം പ്രവര്‍ത്തകനെ വെട്ടിനുറുക്കി ആര്‍.എസ്.എസുകാരാണ് തുടക്കമിടുന്നതെങ്കില്‍ ആര്‍.എസ്.എസ് അതിന്റെ ഹിംസാത്മക സ്വഭാവം അടിച്ചേല്‍പിക്കുകയാണെന്ന് സി.പി.എം നേതൃത്വവും കുറ്റപ്പെടുത്തും. എന്നാല്‍, ഇങ്ങനെ ആദ്യം കൊല്ലപ്പെടുന്നവരുടെ പാര്‍ട്ടിക്കാര്‍ക്ക് കൂടുതല്‍ ശബ്ദിക്കാനുള്ള ഒരവകാശവും പൊതുസമൂഹം വകവച്ചു കൊടുക്കുന്നില്ല എന്നതാണ് സത്യം.
കൊന്നവരുടേയും കൊല്ലപ്പെടുന്നവരുടേയും നേതാക്കള്‍ ഒരേപോലെ പരസ്പരം കുറ്റപ്പെടുത്തി മുന്നേറുമ്പോള്‍ ഇരു ഭാഗത്തേയും അവകാശവാദങ്ങളെ അതേപടി അംഗീകരിക്കാന്‍ കേരളീയ പൊതുസമൂഹത്തിനു സാധിക്കുന്നില്ല എന്നതാണ് വാസ്തവം. കണ്ണൂരിലെ രാഷ്ട്രീയ നരഹത്യകളെ കുറിച്ചുള്ള കേരളീയ പൊതുസമൂഹത്തിന്റെ വിലയിരുത്തലുകളും വൈകാരിക സമീപനങ്ങളും കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ വലിയ പരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ട് എന്ന യാഥാര്‍ഥ്യം കൊല്ലുന്നവരുടേയും കൊല്ലപ്പെടുന്നവരുടേയും പാര്‍ട്ടി നേതൃത്വം തിരിച്ചറിയുന്നില്ല. ഈ പരിണാമങ്ങളിലെ പ്രധാനപ്പെട്ടവ ഇവയാണ്: ഒന്ന്- കണ്ണൂര്‍ കൊലപാതകങ്ങളില്‍ ശക്തമായ പാര്‍ട്ടി പ്രതിബദ്ധതയും രാഷ്ട്രീയ ആവേശവും പ്രേരണാഘടകങ്ങളാണ് എന്ന ഒരു ധാരണ മുന്‍പ് കേരളീയ സമൂഹത്തില്‍ ഒരു വലിയ വിഭാഗത്തിന് ഉണ്ടായിരുന്നതാണ്. എന്നാലിന്ന് അത്തരം ഒരു ധാരണക്ക് മുന്‍തൂക്കമില്ല. രണ്ട്- ഈ കൊലപാതക പരമ്പരകളില്‍ ഇരു ഭാഗത്തുനിന്നുമുള്ള ചില ഒത്തുകളികള്‍ ഇല്ലേ എന്ന സംശയം ബലപ്പെട്ടു കൊണ്ടിരിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇരു ഭാഗത്തുമായി അണിനിരന്ന് കൊലനടത്തുന്നത് രാഷ്ട്രീയമായ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാവണം എന്നില്ല. വ്യക്തിപരമോ മറ്റുമായ കാരണങ്ങള്‍ അടിസ്ഥാനമാക്കി ഉരുത്തിരിഞ്ഞുവരുന്ന ശത്രുത മുന്‍നിര്‍ത്തി ഏതാനും പേര്‍ സംഘടിച്ച് ഒരാളെ കൊല്ലുമ്പോള്‍ കൊന്നവര്‍ എല്ലാം ഒരേ പാര്‍ട്ടിക്കാരാവുകയും കൊല്ലപ്പെട്ട വ്യക്തി എതിര്‍പക്ഷത്താവുകയും ചെയ്യുന്ന സംഭവങ്ങളെപ്പോലും രാഷ്ട്രീയത്തിന്റെ പട്ടികയില്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നുണ്ട്. ഇങ്ങനെ പല അരാഷ്ട്രീയ കൊലകളേയും രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊതുസമൂഹം സമീപകാല സംഭവങ്ങളെ നോക്കിക്കാണുന്നത്.
മുന്‍പില്ലാത്ത വിധത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളെന്നു ചിത്രീകരിക്കപ്പെടുന്നവയിലെ അരാഷ്ട്രീയ ഉള്ളടക്കങ്ങള്‍ ഇന്ന് പുറത്തുവരികയും അവ പൊതുസമൂഹം അറിയാനിടവരികയും ചെയ്യുന്നതിനാല്‍ മാധ്യമങ്ങളില്‍ രാഷ്ട്രീയക്കൊലകളെന്നു വരച്ചുവയ്ക്കപ്പെടുന്നവയെ അപ്പടി ഉള്‍ക്കൊള്ളാന്‍ പൊതുസമൂഹ മനഃസ്ഥിതി ഇന്നു വൈമുഖ്യം കാണിക്കുന്നുണ്ട്.
കൊലകള്‍, സമാധാന യോഗങ്ങള്‍, മുതലക്കണ്ണീരുകള്‍, പരസ്പരാക്ഷേപ പരമ്പരകള്‍ എന്നിങ്ങനെ ഈ സംഭവവികാസങ്ങള്‍ മുന്നോട്ടു പോവുകയും പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടേയും കണ്ണില്‍ വിശുദ്ധി ചമയാനുള്ള ബാലിശ ശ്രമങ്ങള്‍ ഇരു ഭാഗത്തു നിന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് പൊതുസമൂഹത്തില്‍ സംശയങ്ങളും സന്ദേഹങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ഈ സംഭവ പരമ്പരകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യം സ്വയം ഉന്നയിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരളീയ പൊതുമണ്ഡലത്തിന് സ്വാഭാവികമായും എവിടെയൊക്കെയോ ഇരു വിഭാഗത്തിന്റേയും പ്രത്യക്ഷ വാദങ്ങള്‍ക്ക് വിരുദ്ധമായ ചില രഹസ്യങ്ങളും യാഥാര്‍ഥ്യങ്ങളും പതിയിരിക്കുന്നില്ലേ എന്ന് ചിന്തിക്കേണ്ടി വരുന്നുണ്ട്. മെയ് ഏഴിലെ ഇരട്ട കൊലപാതകത്തിന്റെ സമയക്രമവും ദൂരക്രമവും ഇത്തരമൊരു സംശയ ചിന്തയെ പിന്തുണക്കുന്നതുമാണ്. ആര്‍.എസ്.എസുകാരാല്‍ സി.പി.എം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ട് കൃത്യം അര മണിക്കൂറിനുള്ളിലാണ് വെറും അഞ്ചു കിലോമീറ്റര്‍ മാത്രം അപ്പുറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ യു.സി ഷമേജ് കൊല്ലപ്പെടുന്നത്. ഈ സമയ ഹ്രസ്വതയും ദൂരപരിധിയിലെ കൃത്യതയും സംശയിക്കത്തക്കതായിട്ടാണ് പൊതുസമൂഹം വിലയിരുത്തുന്നത്.
മൂന്ന് തലങ്ങളിലായി ബന്ധപ്പെട്ടാണ് സമൂഹത്തിന്റെ സംശയം ഉരുത്തിരിയുന്നത്. ഒന്ന്- കൊല്ലപ്പെടേണ്ട വ്യക്തികള്‍ ഈ രണ്ടുപേരുമാണ് എന്ന വിധത്തില്‍ ഒരു ആസൂത്രണം നേരത്തേ നടന്നിരിക്കാനിടയുള്ളതിലേക്ക് സൂചന സംഭവത്തിലടങ്ങിയിട്ടില്ലേ? രണ്ട്- ബാബു കൊല്ലപ്പെടുമെന്നും അതിന് തിരിച്ചടി കൃത്യം ഇത്ര സമയത്തിനകം നല്‍കിയിരിക്കണമെന്നും ഉള്ള ഒരു മുന്‍ധാരണ ഇതില്‍ പ്രവര്‍ത്തിച്ചിട്ടില്ലേ? മൂന്ന്- രണ്ടു പേരുടേയും കൊലകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടവയല്ല എന്നും ബാബുവിന്റേത് മുന്നാസൂത്രണം അനുസരിച്ചാണെങ്കില്‍ തന്നെ അതിനുള്ള ഷമേജിന്റെ കൊല പെട്ടെന്നുള്ള പ്രതികാരം മാത്രമാണെന്നു വന്നാല്‍ പോലും ഒട്ടും വൈകാതെ മറുപടിക്കൊല സംഭവിച്ചു എന്നത് സി.പി.എമ്മിന്റെ കൊലക്കത്തികള്‍ തൊട്ടു സമീപത്ത് ഒരുക്കി നിര്‍ത്തപ്പെട്ടിരുന്നു എന്നതിലേക്ക് ഈ ചെറിയ സമയപരിധി ഒരു തെളിവായി കരുതാവുന്നതല്ലേ? ന്യായമായും സമൂഹത്തിന് ഇത്തരത്തില്‍ സംശയിക്കാവുന്നതു തന്നെയാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."