കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍: വരുമാനപരിധി ഒരു ലക്ഷം
തിരുവനന്തപുരം: കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 11,000 രൂപയില്‍നിന്ന് ഒരു ലക്ഷമാക്കി വര്‍ധിപ്പിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി പ്രകാരമാണിത്.
കൂടാതെ വരുമാന പരിധി കണക്കാക്കുന്നതിന് ഭര്‍ത്താവ്, ഭാര്യ എന്നിവരും അവിവാഹിതരും പ്രായപൂര്‍ത്തിയായവരുമായ ആണ്‍മക്കളുണ്ടെങ്കില്‍ അവരുമുള്‍പ്പെടെയുള്ളവരുടെ വരുമാനംകൂടി കണക്കിലെടുക്കണം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നയാള്‍ക്ക് പെന്‍ഷനോടൊപ്പം മറ്റു സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ ഏതെങ്കിലും ഒന്നുകൂടി ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
പെന്‍ഷന്‍ വാങ്ങുന്നയാളുടെ വാര്‍ഷികവരുമാനം പെന്‍ഷന്‍ അനുവദിച്ചതിന് ശേഷം ഏതെങ്കിലും സമയത്ത് ഒരു ലക്ഷം രൂപയില്‍ കവിയുകയാണെങ്കില്‍ അയാള്‍ അതിനുശേഷം പെന്‍ഷന് അര്‍ഹനല്ലാതായിത്തീരും.
ഈ ഭേദഗതികള്‍ക്ക് 2016 ജൂണ്‍ 23 മുതല്‍ പ്രാബല്യമുണ്ടായിരിക്കും. മറ്റു വ്യവസ്ഥകള്‍ നിലനില്‍ക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇ.പി.എഫ് പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, കര്‍ഷകത്തൊഴിലാളി- കര്‍ഷക പെന്‍ഷന്‍ ഗുണഭോക്താക്കള്‍, ഹോണറേറിയം പെന്‍ഷന്‍ കൈപ്പറ്റുന്ന അംഗന്‍വാടി ജീവനക്കാര്‍, ഒരു സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ- അഗതി- വൃദ്ധമന്ദിരങ്ങളിലേയും ക്ഷേമസ്ഥാപനങ്ങളിലെയും അന്തേവാസികള്‍ എന്നിവര്‍ക്ക് അര്‍ഹതാമാനദണ്ഡങ്ങള്‍ക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്‍ഷനുകൂടി അര്‍ഹതയുണ്ടായിരിക്കുമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്നില്ലെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നതിനുളള വരുമാന പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."