സൂചനാ ബോര്‍ഡും വഴി വിളക്കും ഇല്ല ദേശീയപാതയിലും എ.സി റോഡിലും അപകടങ്ങള്‍ തുടര്‍ക്കഥ
കുട്ടനാട്/തുറവൂര്‍: സൂചനാ ബോര്‍ഡും വഴിവിളക്കുകളും ഇല്ലാത്തതിനാല്‍ ദേശീയപാതയിലും എ.സി റോഡിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുള്ള ആക്ഷേപങ്ങള്‍ ശക്തമാകുന്നു.
കുത്തിയതോട് പാലത്തിന് തെക്ക് ഭാഗത്ത് നിന്ന് ആ മേടത്തുകാവു വരെ നീളുന്നതാണ് ഈ വളവ്. ഇവിടെ ദിനംപ്രതി അഞ്ച് അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങു വെ കുത്തിയതോട് സ്വദേശിനി സാവിത്രി (65) ബൈക്കിടിച്ച് മരിച്ചതാണ് അവസാനത്തെ അപകടം. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഇവിടത്തെ മീഡിയന്‍ ഗ്യാപ്പിലൂടെയും അല്ലാതെയും വാഹനങ്ങളും യാത്രക്കാരും അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്നതാണ് അപകടത്തിന് കാരണമെന്ന് പോലിസ് പറയുന്നു.ദേശീയപാതയിലെ ഈ വളവിലെത്തുമ്പോള്‍ വാഹനങ്ങള്‍ ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കുകള്‍ മീഡിയ നിലോ വിളക്കുകാലിലോ ഇടിച്ചു കയറുകയും പതിവാണ്. വിളക്കു കാലുകള്‍ ഇല്ലാതായതോടെ രാത്രിയില്‍ ഇവിടെ വെളിച്ചമില്ലാതായി.
അപകട സൂചനാ ബോര്‍ഡുകളോ ലൈറ്റുകളോ സ്ഥാപിക്കുക ,കൂടുതല്‍ റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഒന്നും ഇവിടെ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.
എ.സി റോഡ് അപകടരഹിതപാതയാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി.അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് എ.സി റോഡിലെ വാഹനാപകടങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും അറിയിച്ചത്. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കല്‍, ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലങ്ങളുടെ പുന നിര്‍മ്മാണവും, വീതി കൂട്ടലും, വാഹനങ്ങള്‍ കനാലിലേക്ക് വീഴാതെ തടഞ്ഞു നിര്‍ത്തുന്ന തടയണ നിര്‍മ്മാണം, ആവിശ്യമായ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, വാഹന പരിശോധന ശക്തമാക്കല്‍ എന്നിവയായിരുന്നു പ്രഖ്യാപനം
ആലപ്പുഴ കളര്‍കോട് ജംഗ്ഷന്‍ മുതല്‍ ചങ്ങനാശ്ശേരി ജംഗ്ഷന്‍ വരെയുള്ള 24 കിലോമീറ്റര്‍ റോഡില്‍ വഴിവിളക്കുകള്‍ കൃത്യമായി കത്താത്തതും, പാലങ്ങളുടെ വീതി കുറവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത് .രാവിലെ എ.സി റോഡിലൂടെ അമിത വേഗതയില്‍ ലോറികള്‍ സഞ്ചരിക്കുന്നത് വാഹന പരിശോധന കൃത്യമല്ലാത്തത് കൊണ്ടാണ്. ക്യാമറാ പോയിന്റുകളില്‍ മാത്രമാണ് വാഹനങ്ങള്‍ വേഗത നിയന്ത്രിച്ച് കടന്നു പോകുന്നത് . കഴിഞ്ഞ ദിവസം ലോറികള്‍ കൂട്ടിയിടിച്ച് മണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു. പവിഴം റൈസിന്റെ ലോറിയും ടിപ്പര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരു ലോറികളുടെയും ചക്രങ്ങള്‍ ഊരി തെറിച്ച നിലയിലായിരുന്നു.അമിത വേഗതയാണ് അപകടത്തിന് കാരണമായത്.
ദേശീയ പാതയിലേതുപോലെ തന്നെ ആയിരകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നു പോകുന്ന സംസ്ഥാന പാതയാണിത് .പുറത്തറിയുന്ന വലിയ അപകടങ്ങള്‍ക്ക് പുറമേ ദിനംപ്രതി അഞ്ചോളം അപകടങ്ങള്‍ ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ നടക്കുന്നുണ്ടെന്നാന് നാട്ടുകാര്‍ പറയുന്നത് .പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ എന്നീ വലിയ പാലങ്ങളൊഴികെ ബാക്കിയുള്ള എല്ലാ പാലങ്ങളും വീതി കുറഞ്ഞവയാണ് .ഒരേ സമയം രണ്ടു വാഹനങ്ങള്‍ പാലത്തില്‍ കയറിയാല്‍ സൈഡ് നല്‍കുന്നതിനിടെ വാഹനം വെള്ളത്തില്‍ പോകുന്ന സംഭവവുമുണ്ടാകാറുണ്ട് .
അമിത വേഗതയില്‍ കടന്നു പോകുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് പോകുന്നത് നിത്യസംഭവമായതോടെ പലയിടങ്ങളിലും തടയണ നിര്‍മ്മിക്കുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല .
മങ്കൊമ്പ് ഒന്നാം കര മുതല്‍ പൂവം വരെയുള്ള ഭാഗത്താണ് അപകട സാധ്യത മുന്നില്‍ കണ്ട് തടയണ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചത് .അമിത വേഗത പരിശോധിക്കുന്നതിനുള്ള ക്യാമറകള്‍ സ്ഥാപിച്ചതു മാത്രമാണ് പ്രഖ്യാപിച്ച പദ്ധതിയില്‍ നടപ്പാക്കിയത്. അഞ്ച് ക്യാമറകള്‍ സ്ഥാപിച്ചതില്‍ നിലവില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നതുമില്ല.അപകടങ്ങള്‍ നടക്കുമ്പോള്‍ വഴിപാട് പോലെ ഓടിയെത്തി പരിശോധനയും പ്രഖ്യാപനങ്ങളും നടത്തുന്നതല്ലാതെ കാര്യക്ഷമമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."