ജയില്‍ ജ്യോതിക്കു തുടക്കമായി
പാലക്കാട്: ജില്ലാ ജയിലില്‍ വീണ്ടും അക്ഷരജ്യോതി തെളിയുന്നു. ജയില്‍ ജ്യോതി തുടര്‍സാക്ഷരതാ പഠന ക്ലാസ് ആരംഭിച്ചു. 140 തടവുകാരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇവരില്‍ 30 പേര്‍ക്കാണ് തുടര്‍സാക്ഷരതാ പദ്ധതിയില്‍ വിദ്യാഭ്യാസം നല്‍കുന്നത്. നാലം തരം തുല്യതാ ക്ലാസാണ് 30 പേര്‍ക്കും നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ക്ലാസ് വേണ്ടവരില്‍ 12 പേര്‍ ഇതര സംസ്ഥാനക്കാരാണ്. ഇതില്‍തന്നെ ആറുപേര്‍ തമിഴ്‌നാട്ടുകാരും. എല്ലാവര്‍ക്കും മലയാളം ആദ്യക്ഷരമാണ് കുറിച്ചു നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അറിവ് പകര്‍ന്നു നല്‍കാന്‍ പ്രേരക്മാരുണ്ട്. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. നിരക്ഷരരില്ലാത്ത ജയില്‍ എന്ന ലക്ഷ്യത്തോടെയാണ് ജയിലുകളില്‍ ജയില്‍ജ്യോതി പദ്ധതി ആരംഭിച്ചത്. ജയില്‍ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
2006 ലും ജില്ലയില്‍ ജയില്‍ സാക്ഷരതാപദ്ധതി തുടങ്ങിയിരുന്നു. സാക്ഷരതാപ്രവര്‍ത്തകന്‍ പേരൂര്‍ പി. രാജഗോപാലനാണ് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് എഴുപതിലധികം പേരാണ് തടവറയിലെ ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കിറങ്ങിയത്. പക്ഷേ ചില കാരണങ്ങളാല്‍ അത് മുടങ്ങി.
രണ്ടാം ഘട്ടമെന്നോണമാണ് ഈ വര്‍ഷം ജയില്‍ജ്യോതി പദ്ധതി തുടങ്ങിയത്. ആവശ്യമെങ്കില്‍ ഏഴാം തരം തുല്യതാകോഴ്‌സുകള്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."