ആ മാലാഖയെ അഗ്നിച്ചിറകുകള്‍ ഏറ്റുവാങ്ങി; നൊമ്പരമായി പിഞ്ചോമനകള്‍
പേരാമ്പ്ര: എല്ലാം അറിയാമായിരുന്നു ലിനിക്ക്. മരണം മുന്നിലുണ്ടെന്നതും വൈറസ് ബാധിച്ചാല്‍ മരുന്നില്ലെന്നതുമെല്ലാം. പക്ഷേ അണിഞ്ഞ യൂനിഫോമിനോടുള്ള ആദരവും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയും അവരെ അഭൗമലോകത്തും അനശ്വരമാക്കുകയായിരുന്നു. എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോള്‍ അന്ത്യചുംബനം പോലും നല്‍കാനാകാതെ പിഞ്ചുമക്കള്‍ ഒന്നുമറിയാതെ കഴിയുകയാണ്. രണ്ടുദിവസമായി അവര്‍ അമ്മയെ കാണുന്നില്ലെങ്കിലും ആശുപത്രിത്തിരക്കാണെന്ന് പറഞ്ഞ് മക്കളെ വിശ്വസിപ്പിച്ചിരിക്കുകയാണ്. പക്ഷേ ഇതെത്ര കാലം മറച്ചുപിടിക്കാനാകും. ഒരുദിവസം അമ്മയുടെ രക്തസാക്ഷിത്വം അവരറിഞ്ഞിരിക്കുമെങ്കിലും അമ്മയുടെ വിയോഗത്തില്‍ പിന്നീട് അഭിമാനിക്കാന്‍ അവര്‍ക്കാകുമെന്നത് തീര്‍ച്ച.
നിപാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ചതിലൂടെ രോഗം പകര്‍ന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി ചെമ്പനോട സ്വദേശിനി ലിനി(28) മരണത്തിനു കീഴടങ്ങിയപ്പോള്‍ പറക്കമുറ്റാത്ത മക്കളും ഭര്‍ത്താവും ബാക്കിയാവുകയായിരുന്നു. ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ക്കും വെന്റിലേറ്ററിലായിരുന്ന ഇവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഭാര്യയുടെ രോഗവിവരമറിഞ്ഞ് ബഹ്‌റൈനിലായിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി സജീഷ് രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വെന്റിലേറ്ററില്‍ കിടക്കുന്ന പ്രിയതമയെ ഒരുനോക്കു കാണാന്‍ സജീഷിന് അവസരം ലഭിച്ചിരുന്നു. നിപാ വൈറസ് ബാധ പ്രദേശത്താകമാനം ഭീതിപടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ആരോഗ്യവകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട്ട് തന്നെ ചിതയൊരുക്കുകയായിരുന്നു. അഞ്ചു വയസുകാരനായ റിതുലും രണ്ട് വയസുകാരന്‍ സിദ്ധാര്‍ഥും ഒന്നുമറിയാതെ അമ്മയെ കാത്ത് ഇപ്പോഴും വീട്ടില്‍ കഴിയുകയാണ്. ലിജിയും ലിഷിയുമാണ് ലിനിയുടെ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."