ഉപരാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി
ഗുരുവായൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യാനായിഡു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഉച്ചക്ക് 12.30-ഓടെയാണ് അദ്ദേഹം ശ്രീകൃഷ്ണാകോളജ് മൈതാനിയില്‍ ഹെലികോപ്ടറിലിറങ്ങിയത്.
കാര്‍മാര്‍ഗ്ഗം 12.45-ഓടെ ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ്ഹൗസിലെത്തിയ ഉപരാഷ്ട്രപതിയെ, ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് ഷാളണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ എം.എല്‍.എ: കെ.വി. അബ്ദുള്‍ഖാദറും, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊ: പി.കെ. ശാന്തകുമാരിയും ഉപരാഷ്ട്രപതിയെ ഷാളണിയിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ്ഓണര്‍ സ്വീകരിച്ചശേഷം ഉച്ചപൂജ നടതുറന്ന സമയത്ത് ഒരുമണിയോടെ ദേവസ്വം ഗസ്റ്റ്ഹൗസില്‍നിന്നും കാല്‍നടയായി ക്ഷേത്രദര്‍ശനത്തിനെത്തി.
കസവുമുണ്ടും, പട്ടുഷാളുമണിഞ്ഞ് ക്ഷേത്രദര്‍ശനത്തിന് പുറപ്പെട്ട അദ്ദേഹത്തോടൊപ്പം കേരള ഗവര്‍ണര്‍ പി. സദാശിവം, ദേവസ്വം വകുപ്പുമന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍, മെട്രോ മാന്‍ ശ്രീധരന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഃസി.സി. ശശിധരന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ. വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രന്‍, പി.ഗോപിനാഥന്‍, ഉഴമലക്കല്‍ വേണുഗോപാല്‍ എന്നിവരും അനുഗമിച്ചിരുന്നു.
ക്ഷേത്രത്തില്‍ പ്രവേശിച്ച ഉപരാഷ്ട്രപതിയെ ഗുരുവായൂര്‍ ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ പി. ശങ്കുണ്ണിരാജ്, ക്ഷേത്രം മാനേജര്‍ ഇഴുവപ്പാടി മനോജ്, ക്ഷേത്രം അസി: മാനേജര്‍ എ.കെ. രാധാകൃഷ്ണന്‍ സ്വീകരിച്ചു. നേരെ നാലമ്പലത്തില്‍ പ്രവേശിച്ച അദ്ദേഹം രണ്ടുമിനിറ്റുനേരം മണിവേണു കയ്യിലേന്തി, മഞ്ഞപട്ടാടചുറ്റി, കണ്ണനെ കണ്ടുവണങ്ങി.
ക്ഷേത്രംമേല്‍ശാന്തി മുന്നൂലം ഭവന്‍നമ്പൂതിരിയില്‍നിന്നും പ്രസാദവും സ്വീകരിച്ച് ഉപദേവന്‍മാരായ ഗണപതി, അയ്യപ്പന്‍, ഇടത്തരികത്തുകാവില്‍ ഭഗവതി എന്നിവരേയും വണങ്ങിയാണ് അദ്ദേഹം ക്ഷേത്രത്തില്‍നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞ രണ്ടുദിവസമായി ക്ഷേത്രത്തിനകത്തും, പുറത്തും, പരിസരപ്രദേശത്തും കനത്ത പൊലിസ് നിരീക്ഷണവലയത്തിലായിരുന്നു ക്ഷേത്രനഗരി.
തൃശ്ശൂര്‍ ഐ.ജി: എം. ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍. ഉച്ചയൂണിനും വിശ്രമത്തിനും ശേഷം ഉച്ചക്ക് 3.30-ന് ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്‍ നടന്ന അഷ്ടപദിയാട്ടം ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം വൈകീട്ടോടെ അദ്ദേഹം ഗുരുവായൂരില്‍നിന്നും യാത്രതിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."