അരൂര്‍ ഒളോറിന്റെ വിദേശ കയറ്റുമതി തുടങ്ങി
വടകര: ഗുണത്തില്‍ പ്രസിദ്ധമായ അരൂര്‍ ഒളോര്‍ മാങ്ങ വിദേശത്തേക്ക് കയറ്റിത്തുടങ്ങി. എക്‌സ്‌പോര്‍ട്ടിങ്ങ് ലൈസന്‍സുള്ള വിവിധ ഏജന്‍സികള്‍ ഈ സീസണില്‍ അരൂരിലെത്തി മാങ്ങ വാങ്ങി തുടങ്ങിയിട്ടുണ്ട്. അരൂരിലെ മാങ്ങാ കച്ചവടക്കാരില്‍ നിന്ന് നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. നെടുമ്പാശേരി വഴി ദുബൈയിലേക്കാണ് മാങ്ങയുടെ കയറ്റുമതി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് അരൂരില്‍ നിന്ന് ഒളോര്‍ മാങ്ങ വിദേശത്തേക്ക് കയറ്റി പോകുന്നത്. മോശമല്ലാത്ത വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണിത്.
എന്നാല്‍ വേനല്‍ മഴ ശക്തമായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇലയിലെ കറുപ്പ് നിറം മാങ്ങയിലേക്ക് വീണ് മാങ്ങകള്‍ക്കും കറുപ്പ് വന്നിരിക്കുകയാണ്. ഇത്തരം മാങ്ങകള്‍ കയറ്റുമതിക്ക് എടുക്കാറില്ല. ഇപ്പോള്‍ ഒരു കിലോ മാങ്ങക്ക് 40 രൂപയാണ് അരൂരില്‍ വില. രാസവസ്തു ഉപയോഗിക്കാത്ത മാങ്ങ ലഭിക്കാന്‍ ആഭ്യന്തര ആവശ്യക്കാരും അരൂരിലെത്തുന്നുണ്ട്. മാങ്ങയിടുന്ന കൂലിയാണ് താങ്ങാന്‍ കഴിയാത്തതെന്ന് വ്യാപാരികള്‍ പറയുന്നു. ഉച്ചവരെ പറിച്ചാല്‍ 1300 മുതലാണ് കൂലി. പറിക്കുന്നതില്‍ പ്രാവിണ്യമില്ലാത്തയാളാണെങ്കില്‍ കച്ചവടക്കാരന് നഷ്ടമാകും. ചിലര്‍ 1,500 മാങ്ങ പറിക്കുമെങ്കില്‍ ചിലര്‍ 900 ത്തോളം മാങ്ങയേ പറിക്കൂ. പണം കൊടുത്താലും ആളെ കിട്ടാത്ത സ്ഥിതിയാണ് അരൂരില്‍. മാങ്ങക്ക് പോറലേറ്റാല്‍ കെട്ടുപോകും. വേനലറുതിയില്‍ ലഭിക്കുന്ന മാങ്ങക്കാണ് സ്വാദ് കൂടുതലെന്ന് നാട്ടുകാര്‍ പറയുന്നു. മാങ്ങ ശരിയായി പാകമാകണമെങ്കില്‍ കുറച്ചു ദിവസം കൂടി കഴിയണം. മഴ ശക്തി പ്രാപിക്കുന്നതിന് മുന്‍പ് പറിച്ച് തീര്‍ക്കുകയും വേണം. ഒരു ഒളോര്‍ മാവെങ്കിലുമില്ലാത്ത വീടുകള്‍ അരൂരില്‍ കുറവാണ്. മാങ്ങയുടെ സീസണില്‍ വിരുന്നുകാര്‍ക്ക് മുന്നില്‍ എത്തുന്നതും ഒളോറിന്റെ സ്വാദ് തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."