തൃക്കാക്കര നഗരസഭ ബജറ്റ് അവതരണം പ്രതിസന്ധിയില്‍: 28ന് നടക്കുമെന്ന് ചെയര്‍പേഴ്‌സണ്‍
കാക്കനാട്: വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് ഭരണകക്ഷിയോട് ഇടഞ്ഞു നില്‍ക്കുന്നതിനേ തുടര്‍ന്ന് തൃക്കാക്കര നഗരസഭയുടെ ബജറ്റ് അവതരണം പ്രതിസന്ധിയില്‍. ശനിയാഴ്ച ബജറ്റ് അവതരിപ്പിക്കാനായിരുന്നു ആദ്യം ധാരണയെങ്കിലും ഭരണകക്ഷിയിലെ അസ്വാരസ്യങ്ങള്‍ മൂലം നടപടികള്‍ നീങ്ങിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച അവതരിപ്പിക്കാനിരിക്കേയാണ് കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് ചെയര്‍മാന്‍ ചെയര്‍പേഴ്‌സണുമായി ഇടഞ്ഞത്. ഇതോടെ ഭരണമാറ്റത്തിനുവരെ സാധ്യതകള്‍ തെളിഞ്ഞു.
ഇതിനിടെ വൈസ് ചെയര്‍മാനെ അനുനയിപ്പിക്കാന്‍ സി.പി.എമ്മും ഭരമപക്ഷാംഗങ്ങളും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഒരംഗത്തിന്റെ ഭൂരിപക്ഷമുള്ള വൈസ് ചെയര്‍മാനെ കൂടെ കൂട്ടാതെ ഭരണം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടത് മുന്നണി. അതേസമയം 28ന് നഗരസഭ ബജറ്റ് അവതരണം നടക്കുമെന്നു ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു വ്യക്തമാക്കി.
സ്വകാര്യകമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസും ചെയര്‍പേഴ്‌സണും തമ്മില്‍ ഇടയാന്‍ കാരണമായത്. ചെയര്‍പേഴ്‌സണുമായി ഉടക്കിയ കോണ്‍ഗ്രസ് വിമതനായ സാബുഫ്രാന്‍സിസ് പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പമാണ് പിന്നീട് കൗണ്‍സില്‍ യോഗത്തില്‍ ഇരുന്നത്. സ്വകാര്യ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്ന വിഷയം കൗണ്‍സിലില്‍ തീരുമാനിച്ച് നടപടികള്‍ സുതാര്യമായിക്കണമെന്നായിരുന്നു വൈസ് ചെയര്‍മാന്റെ വാദം.
അതേസമയം, കൊടും വേനലില്‍ റോഡുകള്‍ വെട്ടിപ്പൊളിച്ച് കേബിള്‍ സ്ഥാപിക്കുന്നതുമൂലം പൈപ്പുകള്‍ പൊട്ടി കുടിവെള്ളം മുടങ്ങുന്ന അവസ്ഥയുണ്ടാകുന്നതിനാലാണ് വിഷയം കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സാധാരണ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പിണങ്ങാറുണ്ട്. പിന്നീട് അദ്ദേഹം ഇണങ്ങുന്നത് കൊണ്ടാണ് നഗരസഭ ഭരണം സുഗമമായി നടക്കുന്നത്. കേബിള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ നിയമപരമായ സാധ്യതകള്‍ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."