കാസര്‍കോട് നഗരത്തിലെ റോഡുകള്‍ നവീകരിക്കും: മന്ത്രി ജി സുധാകരന്‍
കാസര്‍കോട്: നഗരത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകള്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി ഫണ്ട് ബോര്‍ഡ് നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ബെദ്രഡുക്ക ഭെല്‍ ജങ്ഷനില്‍ നടന്ന ചടങ്ങില്‍ നവീകരിച്ച നീര്‍ച്ചാല്‍-ഷിരിബാഗിലു-ഭെല്‍-കമ്പാര്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ റോഡുകള്‍ നവീകരിക്കും.
15 വര്‍ഷത്തെ കാലാവധിയോടു കൂടിയാണ് ഈ റോഡുകളുടെ നവീകരണത്തിനുള്ള കരാര്‍ നല്‍കുക. കാസര്‍കോട് ജില്ലയുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. മഴക്കാലത്തിനു മുമ്പ് തകര്‍ന്ന റോഡുകളില്‍ അറ്റകുറ്റപണി നടത്തുമെന്നും ജില്ലയിലെ എല്ലാ പൊതുമരാമത്ത് റോഡുകളുടെയും എസ്റ്റിമേറ്റെടുത്ത് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, മുന്‍ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു, പി.എം മുനീര്‍ ഹാജി, കെ.ബി കുഞ്ഞാമു, എ.എം കടവത്ത്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരാറുകാരന്‍ കെ. മൊയ്തീന്‍കുട്ടി ഹാജിക്ക് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. റോഡുകളും പാലങ്ങളും വിഭാഗം ചീഫ് എന്‍ജിനീയര്‍ പി.കെ സതീശന്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എസ് ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."