ഹോമിയോ ആശുപത്രിക്ക് കെ.എസ്.ടി.പിയുടെ വക ദുരിതം
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗിലെ ജില്ലാ ഹോമിയോ ആശുപത്രിക്ക് കെ.എസ്.ടി.പിയുടെ വക ദുരിതം. നഗരത്തിലെ പ്രധാന പാത നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്തെ ടാറിങ് ജോലി കഴിഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് പോകേണ്ട പോകേണ്ട റോഡിലേക്ക് വാഹനങ്ങള്‍ക്കും ആളുകള്‍ക്കും കയറിപോകാന്‍ പറ്റാത്ത തരത്തിലുള്ള അവസ്ഥയുണ്ടായത്.
പാത നിരപ്പില്‍ നിന്നും ഏകദേശം ഒന്നര മീറ്ററോളം ഉയരത്തില്‍ ആശുപത്രിയിലേക്കുള്ള റോഡ് ഉയര്‍ന്നതോടെയാണ് ഇവിടെ വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും ആശുപത്രിയിലേക്ക് പോകാനുള്ള വഴി മുട്ടിയത്.
പാത നവീകരണ ജോലിക്കായി മണ്ണ് നീക്കിയപ്പോള്‍ തന്നെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഇത് മുഖവിലക്കെടുക്കാതെ നവീകരണ ജോലി പൂര്‍ത്തിയാക്കിയതായി പറയുന്നു. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ നടപടികള്‍ കൈക്കൊണ്ടില്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇതിന് കിഴക്കു ഭാഗത്തെ മണ്ണു നീക്കല്‍ പ്രവൃത്തിയും പൂര്‍ത്തിയായി ടാറിങ്ങ് നടത്താനിരിക്കെ ആശുപത്രി റോഡ് ഉപേക്ഷിക്കപ്പെട്ട നിലയിലായി.
പ്രതിദിനം നൂറു കണക്കിനു രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയിലേക്ക് വയോജനങ്ങളും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരും വാഹനമിറങ്ങി ക്ലേശിച്ച് ആശുപത്രിയില്‍ പോകേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ആശുപത്രിയിലേക്കുള്ള മരുന്നും അനുബന്ധ സാധനങ്ങളും ഉള്‍പ്പെടെ പ്രധാന പാതക്ക് സമീപം വാഹനങ്ങളില്‍ നിന്നും ഇറക്കി ചുമന്നെത്തിക്കേണ്ട അവസ്ഥയും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."