കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. പൊതുതാല്‍പര്യത്തിന്റെ പേരില്‍ സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള ഹരജിയാണിതെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ധാരാളം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്, പ്രത്യേകിച്ച് രണ്ട് ജില്ലകളില്‍. പരസ്പരമുള്ള പഴിചാരലും രാഷ്ട്രീയ മുതലെടുപ്പും മാറ്റി നിര്‍ത്തിയാല്‍ താഴേത്തട്ടിലുള്ള ജനങ്ങളാണ് ഇതിന് കനത്ത വില നല്‍കേണ്ടി വരുന്നത്.
ഇങ്ങനെ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നതില്‍ കോടതിക്ക് ദു:ഖമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവത്തകനായ രഞ്ജിത്ത്, തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ്, പാലക്കാട് കഞ്ചിക്കോട്ട് വിമല, രാധാകൃഷ്ണന്‍, കൊല്ലം കടയ്ക്കലില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവായ രവീന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ കൊല്ലപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
സാധാരണഗതിയില്‍ അന്വേഷണത്തില്‍ അപാകത ഉണ്ടാവുക, മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഉത്തരവുകള്‍ക്കനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുക, നീതി നടപ്പാവില്ലെന്ന് കോടതിക്ക് ബോദ്ധ്യപ്പെടുക എന്നീ കാരണങ്ങളാലാണ് അന്വേഷണം സി.ബി.ഐക്ക് വിടുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി പരിഗണിച്ച ഏഴ് കേസിലും ഇത്തരമൊരു സാഹചര്യമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."