മോഷണക്കേസ്: സഊദി ജയിലില്‍ മോചനം കാത്ത് പാലക്കാട് സ്വദേശി
ജിദ്ദ: സഊദിയില്‍ മോഷണ കേസുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഒറ്റപ്പാലം പാലക്കോട് പനമണ്ണ തെക്കിനി മഠത്തില്‍ സൈതലവിക്ക് (48) അധികം വൈകാതെ ജയില്‍ മോചനം സാധ്യമായേക്കും.
ഇദ്ദേഹം ഇപ്പോള്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലാണുള്ളതെന്നും ഒരാഴ്ചക്കകം മോചനം സാധ്യമാകുമെന്നുമാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നും സാമൂഹ്യക്ഷേമ വിഭാഗം കോണ്‍സല്‍ മോയിന്‍ അക്തര്‍ പറഞ്ഞു.
മോഷണ കേസുമായി ബന്ധപ്പെട്ട് ജയിലിലായ ഇദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് സൈതലവിയുടെ ഭാര്യ റംല ബന്ധു മുഖാന്തിരം കോണ്‍സുലേറ്റില്‍ മാസങ്ങള്‍ക്കു മുന്‍പ് പരാതിയും നല്‍കിയിരുന്നു.
പല നാടുകളില്‍ ജോലി ചെയ്തിട്ടുള്ള സൈതലവി ആറു വര്‍ഷമായി ജിദ്ദയിലെ ഒരു പ്രമുഖ കമ്പനിയില്‍ ബോട്ട് പാച്ചിംഗ് വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കേസിലാണ് സൈതലവി ജയിലിലായത്.
കമ്പിനിയിലെ വിലപിടിപ്പുള്ള ഒരു ജനറേറ്റര്‍ മോഷണം പോയെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട സൈതലവി പിന്നീട് ജയിലിലാവുകയായിരുന്നു. കേസില്‍ തീര്‍പ്പുണ്ടായതായി പറയുന്നുണ്ടെങ്കിലും മോചനം വൈകുന്നുവെന്നാണ് കുടുംബം പറയുന്നത്.
കഴിഞ്ഞ വര്‍ഷം അന്വേഷിച്ചപ്പോഴും ഡീപോര്‍ട്ടേഷന്‍ സെന്ററിലാണെന്നും ഉടന്‍ മോചനം ഉണ്ടാകുമെന്നുമാണ് പറഞ്ഞതെങ്കിലും ഇതുവരേക്കും അതുണ്ടായില്ലെന്നാണ് ജിദ്ദയിലുള്ള സെയ്തലവിയുടെ ബന്ധു പറഞ്ഞത്.
കോണ്‍സുലേറ്റിന്റെ സഹായം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതുണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈതലവി ജയിലിലായതോടെ ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഏറെ പ്രയാസത്തിലാണ് കഴിയുന്നത്.
സെയ്തലവിയുടെ വരുമാനം നിലച്ചതോടെ കുടുംബത്തിന്റെ ജീവിതം താറുമാറായി. കടം കയറി വീട് വില്‍ക്കേണ്ടി വന്നു. ചെന്നൈയില്‍ പഠിപ്പിക്കാന്‍ വിട്ട മകന്റെ വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പ്രയാസത്തിലാണ്.
ചികില്‍സക്കും മകന്റെ പഠനം തുടരുന്നതിനും മറ്റുമായി കടം വാങ്ങിയ ഇനത്തില്‍ പത്തു ലക്ഷത്തോളം രൂപയുടെ കടബാധ്യതയും കുടുംബത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."