വാട്ടര്‍ അതോറിറ്റിയുടെ നിസ്സംഗത; ജലം റോഡിലൂടെ ഒഴുകുന്നു
മീനങ്ങാടി: വാട്ടര്‍ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടി റോഡിലൂടെ ജലമൊഴുകുന്നത് പതിവാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കാരാപ്പുഴയില്‍ നിന്നുമുള്ള കൃഷ്ണഗിരി, പുറക്കാടി, അമ്പലവയല്‍ വില്ലേജ് വാട്ടര്‍ സപ്ലൈ സ്‌കീമിലെ ജലമാണ് ദേശീയ പാതയോരത്ത് പൈപ്പ്‌പൊട്ടി റോഡിലൂടെ ഒഴുകി പാഴാകുന്നത്.
രണ്ടാഴ്ചയിലധികമായി മീനങ്ങാടി എക്‌സൈസ് ഓഫിസിന് മുന്‍വശത്തും, ത്രിവേണി തിയേറ്ററിന് മുന്‍വശത്തും, അന്‍പത്തിനാലിലുമാണ് വെള്ളം പാഴാകുന്നത്. നിലവില്‍ കൃഷ്ണഗിരി, പുറക്കാടി, അമ്പലവയല്‍ വില്ലേജ് വാട്ടര്‍സപ്ലൈ സ്‌കീമിലെ വെള്ളം പഴയ കണക്ഷനിലും കൊടുക്കുന്നുണ്ട്. ഇതാണ് വെള്ളം പാഴാകുന്നതിന് ഇടയാക്കുന്നത്. പുതിയ കണക്ഷന് പുറമെ നിലവിലുള്ള പഴയ കണക്ഷനില്‍ കൂടി വെള്ളമെത്തിക്കുവാനായി പുതിയ സ്‌കീമിലെ പൈപ്പില്‍ നിന്നും കാലപ്പഴക്കം ചെന്ന പൈപ്പിലേക്ക് ജോയിന്റ് കൊടുത്തപ്പോള്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ പഴയ പൈപ്പ് പല സ്ഥലങ്ങളിലും പൊട്ടുകയായിരുന്നു. നിലവില്‍ പഴയ സിമന്റ് പൈപ്പുകള്‍ ദേശീയ പാതയില്‍ ടാറിങിന് അടിയിലൂടെയും റോഡിനോട് ചേര്‍ന്നുമാണ് പോകുന്നത്. ഇതിന്റെ അറ്റകുറ്റ പണികള്‍ക്കായി റോഡിനോട് ചേര്‍ന്ന് കുഴിച്ചത് ദേശീയ പാതയുമായി ബന്ധപ്പെട്ട ഓവര്‍സിയര്‍ തടയുകയും കുഴിച്ച തൊഴിലാളികളുടെ പേര് വിവരങ്ങള്‍ എഴുതിയെടുത്ത് കൊണ്ടുപോകുകയും ചെയ്‌തെന്ന് വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍ ആലി പറഞ്ഞു.
നിലവിലുള്ള പൈപ്പുകളില്‍ അറ്റകുറ്റ പണിക്കുശേഷം അരിവയല്‍ ടാങ്കിലേക്കും, സി.സി, ചൂതുപാറ ഭാഗങ്ങളിലേക്കും വെള്ളമെത്തിക്കാനുണ്ട്. വേനല്‍ ശക്തമായതോടെ വെള്ളമെത്തിക്കുവാനുള്ള വാട്ടര്‍ അതോറിറ്റിയുടെ ശ്രമങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തതയും, ദേശീയ പാതയുടെ ഇരുഭാഗത്തേക്കും വെള്ളമെത്തിക്കുവാനുള്ള തടസങ്ങളും വിഷമത്തിലാക്കിയെന്നും ആലി പറഞ്ഞു.
അതുവരെ വെള്ളത്തിനായി കഷ്ട്‌പ്പെടുന്ന നാട്ടുകാര്‍ക്ക് വെള്ളം പാഴാകുന്നത് കണ്ടിട്ടും വെള്ളം പമ്പ് ചെയ്യേണ്ട സ്ഥിതിയാണ് തങ്ങള്‍ക്കെന്ന് ആലി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."