കൗതുകക്കാഴ്ച്ചയൊരുക്കി പൊലിസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന 'അനന്തവിസ്മയം' പ്രദര്‍ശന വിപണനോത്സവത്തില്‍ കൗതുകക്കാഴ്ച്ചയൊരുക്കി പൊലിസ് വകുപ്പ്. കുറ്റവാളിയെ തത്സമയം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി സേനയിലെ നാല് ശ്വാനന്മാര്‍ സുസജ്ജമായി എപ്പോഴുമുണ്ടാകും.
ഒപ്പം തത്സമയ ബോംബ് കണ്ടെത്താനും ശ്വാനന്മാര്‍ റെഡി. മേളയില്‍ എത്തുന്നവര്‍ക്ക് പൊലിസിന്റെ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ നേരിട്ട് പരിചയപ്പെടാന്‍ അവസരവുമുണ്ട്. ഒപ്പം പൊലിസിന്റെ പഴയതും പുതിയതുമായ വാര്‍ത്താവിനിമയ ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതികള്‍ ഉദ്യോഗസ്ഥര്‍ വിവരിക്കും. വിരലടയാള ശാസ്ത്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിക്കുന്ന ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ തത്സമയ വീഡിയോ പ്രദര്‍ശനവുമുണ്ട്.
പൊലിസിന്റെ ചരിത്രം പറയുന്ന ഫോട്ടോ പ്രദര്‍ശനമാണ് മറ്റൊരു ആകര്‍ഷണം. അപകടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ട്രാഫിക്ക് വിഭാഗം ബോധവല്‍ക്കരണം നടത്തും. ഇതിനായി ട്രാഫിക് പാര്‍ക്ക് എന്ന പേരില്‍ തത്സമയ വാനും തയാറാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് പപ്പു സീബ്രയുമായി സെല്‍ഫി എടുക്കാനുള്ള സൗകര്യമുണ്ട്. ഒപ്പം ഹ്രസ്വ ബോധവല്‍ക്കരണ ചലച്ചിത്ര പ്രദര്‍ശനം കാണാനും സൗകര്യമുണ്ട്. ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന പപ്പറ്റ് ഷോ, 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ലഘു നാടകം, ബാന്‍ഡ് മേളം, എന്നിവ പൊലിസിന്റെ സ്റ്റാളിന് മാറ്റ് കൂട്ടും. കൂടാതെ സ്ത്രീകള്‍ക്ക് സ്വയം രക്ഷയ്ക്കുള്ള തത്സമയ പരിശീലനവും കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് തിളക്കമേകും.
സര്‍ക്കാരിന്റെ നൂറോളം വകുപ്പുകള്‍ പങ്കെടുക്കുന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവം നഗരിയിലേക്ക് രാവിലെ 11 മുതല്‍ രാത്രി 10 വരെ കാഴ്ചകള്‍ കാണുവാന്‍ അവസരമുണ്ട്.
മെയ് 30ന് അവസാനിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."