അനധികൃത കുഴല്‍കിണര്‍ നിര്‍മാണം: 25,000 രൂപ പിഴ ഈടാക്കി
തൊടുപുഴ: ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ, പാറത്തോട്, അണക്കര എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് അനധികൃത കുഴല്‍കിണര്‍ നിര്‍മാണം നടത്തുകയായിരുന്ന മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. വാഹന ഉടമകളില്‍ നിന്നും ദുരന്ത നിവാരണ നിയമം പ്രകാരം 25,000 രൂപ പിഴ ഈടാക്കി.
കൂടാതെ കെ.എ 01 എം.എന്‍ 2688 നമ്പര്‍ വാഹനം ഇടുക്കി ജില്ല വിട്ടു പോകുവാനും മറ്റ് വാഹന ഉടമകളോട് ഉത്തരവ് പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ കുഴല്‍ കിണര്‍ നിര്‍മാണം ജില്ലയില്‍ നടത്തുവാന്‍ പാടുള്ളൂവെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 പ്രകാരം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ പിഴ ഈടാക്കുന്നത്.
വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വീട്ടാവശ്യത്തിനുള്ള 110 എം.എം കുഴല്‍കിണര്‍ (തൊടുപുഴ, ഇളംദേശം എന്നീ ബ്ലോക്കുകളില്‍ 100 മീറ്ററില്‍ കൂടാത്ത ആഴത്തിലും ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അഴുത, ദേവികുളം, അടിമാലി എന്നീ ബ്ലോക്കുകളില്‍ 150 മീറ്ററില്‍ കൂടാത്ത ആഴത്തിലും ) നിര്‍മിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എന്നാല്‍ മറ്റെല്ലാതരം കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നതിനും മുന്‍കൂര്‍ അനുമതി ഭൂഗര്‍ഭ ജല വകുപ്പില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."