പാണ്ടിക്കുടിയിലെ വിദേശ മദ്യവില്പനശാല സമരത്തിന് പൂര്‍ണ പിന്തുണയെന്ന് എം.എല്‍.എ
മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ പുതിയതായി സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെന്റെ വിദേശ മദ്യവില്പന ശാലക്കെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ തുടരുകയാണ്. നിലവില്‍ മറ്റൊരു മദ്യ വില്പന ശാല സമീപം പ്രവര്‍ത്തിക്കുമ്പോഴാണ് തോപ്പുംപടിയില്‍ നിന്ന് മാറ്റിയ ശാല ഇങ്ങോട്ട് സ്ഥാപിച്ചത്. സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മദ്യശാല അടച്ച് പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സമര പന്തല്‍ സന്ദര്‍ശിച്ച കെ.ജെ.മാക്സി എം.എല്‍.എ പറഞ്ഞു.
ഇതിനിടെ ഇന്നലെ വൈകിട്ട് ഔട്ട് ലെറ്റിലേക്ക് ഇറക്കുന്നതിനായി മദ്യവുമായി എത്തിയ വാഹനം സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് മദ്യം ഇറക്കുന്നതിനായി എത്തിയ തൊഴിലാളികളും തിരിച്ച് പോയി. പിന്നീട് വാഹനം തിരിച്ച് പോയെങ്കിലും ആറ് മണിയോടെ പൊലീസ് സഹായത്തോടെ മദ്യം ഔട്ട് ലെറ്റില്‍ ഇറക്കുകയായിരുന്നു.
മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍,മട്ടാഞ്ചേരി എസ്.ഐ.ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘമാണ് മദ്യവില്പന കേന്ദ്രത്തിന് കാവലായി നില്‍ക്കുന്നത്. രാവിലെ പതിമൂന്ന് സംഘടനകളുടെ നേതൃത്വത്തില്‍ മദ്യശാലയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തന്‍ പുരക്കല്‍ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ മുവായിരം പേര് ഒപ്പിട്ട മെമ്മോറാണ്ടം കലക്ടര്‍, മേയര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."