വീടുകളില്‍ ബാലവേലയ്‌ക്കെത്തിച്ച അഞ്ച് പെണ്‍കുട്ടികളെ മോചിപ്പിച്ചു
കണ്ണൂര്‍: വീടുകളില്‍ ബാലവേലയ്ക്കായി എത്തിച്ച അഞ്ച് പെണ്‍കുട്ടികളെ മോചിപ്പിച്ചു. തമിഴ്‌നാട് സേലം ജില്ലയില്‍ നിന്ന് എത്തിച്ച 11,13,14,15,17 വയസുള്ള പെണ്‍കുട്ടികളെയാണ് കണ്ണൂര്‍ താണയില്‍ നിന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതല്‍ 2.30 വരെ നടത്തിയ പരിശോധനയിലാണ് താണ-ആനയിടുക്ക് റോഡിലെ കോ-ഓപറേറ്റീവ് ബാങ്കിനു സമീപത്തെ രണ്ടു വീടുകളില്‍ നിന്നും താണ സ്‌പെഷ്യാലിറ്റി ആശുപത്രിക്കു സമീപത്തു നിന്നുള്ള മൂന്ന് വീടുകളില്‍ നിന്നും കുട്ടികളെ മോചിപ്പിച്ചത്.
ഇതില്‍ നാല് കുട്ടികളെ മാതാവിന്റെ സമ്മതത്തോടെയാണ് വീടുകളില്‍ എത്തിച്ചത്. ഇവര്‍ക്ക് 4000 രൂപയാണ് ശമ്പളം. തുക മാതാവ് നേരിട്ടെത്തി കൈപ്പറ്റുകയാണ് പതിവ്. എന്നാല്‍ ഒരു കുട്ടിയെ ഏജന്റിനെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവന്നതാണെന്നു സംശയമുണ്ട്. 3000 രൂപയാണ് ഈ കുട്ടിക്കു നല്‍കി വരുന്നത്. കുട്ടികളെ വീട്ടിലെ മുഴുവന്‍ ജോലികളും ചെയ്യിപ്പിക്കുന്നതായും നാലു വര്‍ഷമായി ഇത്തരത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇവര്‍ക്കു ശാരീരികപീഡനമേറ്റിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വീട്ടുടമകള്‍ക്കെതിരേയും കണ്ണൂര്‍ ടൗണ്‍, സിറ്റി സ്റ്റേഷനുകളില്‍ ചൈല്‍ഡ്‌ലൈന്‍ റെസ്‌ക്യൂ ടീം പരാതി നല്‍കി. വൈകുന്നേരത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ കുട്ടികളെ ചാലാട് മൂകാംബിക ബാലികാസദനത്തില്‍ എത്തിച്ചു. ഒരു മാസത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ 14 പെണ്‍കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മോചിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."