മദ്‌റസാധ്യാപകന്റെ കൊലപാതകം; പഴുതടച്ച അന്വേഷണം വേണം: മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
കാസര്‍ഗോഡ്: ചൂരിയിലെ മദ്‌റസാധ്യാപകനെ അറുകൊല ചെയ്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ബി.ജെ.പി, ആര്‍.എസ്.എസ് ഭീകരതക്കെതിരേ പഴുതടച്ച അന്വേഷണവും കഠിന ശിക്ഷയും ഉറപ്പു വരുത്തി ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഭരണകൂടം കര്‍ശന നടപടി കൈകൊള്ളണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. കാസര്‍ഗോഡ് ചൂരിയില്‍ റിയാസ് മുസ്‌ലിയാര്‍ കൊല്ലപ്പെട്ട പള്ളി സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത വിശ്വാസത്തിന്റെ ഭാഗമായി ഏതു ഭീകരാന്തരീക്ഷത്തിലും സമാധാനം ഉള്‍ക്കൊണ്ട് സംയമനം പാലിക്കുന്നത് ബലഹീനതയായി കാണേണ്ടതില്ല. മതാധ്യാപനങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം കൊന്നുകൊല വിളിക്കാനാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. ഇത്തരക്കാര്‍ മതത്തിന്റെ യഥാര്‍ത്ഥ സന്ദേശം അനുയായികളെ പഠിപ്പിച്ച് രാജ്യത്ത് സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ തയാറാകണം.
ഫാഷിസ്റ്റ് ഭീകരത മറികടക്കാനായി കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാര്‍ അവരുടെ ജീവന്‍ പോലും സംരക്ഷിക്കാതെ നിഷ്‌ക്രിയരായി കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. ആര്‍.എസ്.എസുകാര്‍ നാടുനീളെ കലാപം വിതക്കുമ്പോള്‍ നാവനക്കാതിരിക്കുകയാണ് മുഖ്യമന്ത്രി. ഫൈസല്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് പ്രാഥമിക കോടതിയില്‍ നിന്ന് തന്നെ ജാമ്യം നേടിക്കൊടുത്ത് പുതിയ കലാപങ്ങള്‍ സൃഷ്ടിക്കാനായി കയറൂരി വിട്ടവര്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളോട് പുലര്‍ത്തുന്നത് കാട്ടുനീതിയാണ്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണ്, അതിന്റെ നിയന്ത്രണം പൂര്‍ണമായും ആര്‍.എസ്.എസ് ഏറ്റെടുത്തു കഴിഞ്ഞു.
പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ച പറ്റിയെന്ന് സീതാറാം യച്ചൂരി വരെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. എങ്ങോട്ടാണ് ഈ സര്‍ക്കാര്‍ കേരളത്തെ കൊണ്ടെത്തിക്കുന്നത് എന്നറിയാതെ ജനം പരിഭ്രമിച്ചിരിക്കുന്ന സാഹചര്യമാണ് ഇവിടെ. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കനത്ത മങ്ങലേല്‍പിച്ചിരിക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ നിന്ന് തടിയൂരാന്‍ ബി.ജെ.പിയുമായി ഒത്തുകളിച്ച്, സംസ്ഥാനം ഒട്ടാകെ കലാപം കൊടുമ്പിരി കൊള്ളുമ്പോള്‍ കണ്ടില്ലെന്ന ഭാവം നടിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തങ്ങള്‍ പറഞ്ഞു. പ്രതികള്‍ക്ക് യു.എ.പി.എ ചുമത്തി കൊല്ലപ്പെട്ട റിയാസ് മുസ്‌ലിയാരുടെ ആശ്രിതര്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മുനവ്വര്‍ അലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."