'നമ്മുടെ വടക്കാഞ്ചേരി' രണ്ടാം വര്‍ഷത്തിലേക്ക്: അംഗങ്ങളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തും
വടക്കാഞ്ചേരി: നമ്മുടെ വടക്കാഞ്ചേരി പദ്ധതിയില്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. പദ്ധതിയില്‍ അംഗത്വം എടുത്തിട്ടുള്ള കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷം അടച്ച അതേ തുക തന്നെ വീണ്ടും അടച്ച് ഈ വര്‍ഷവും അംഗത്വം പുതുക്കേണ്ടതാണെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
അടാട്ട്, തോളൂര്‍, കൈപ്പറമ്പ്, അവണൂര്‍, കോലഴി പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ അമല ആശുപത്രിയിലെ ഹെല്‍പ് ഡെസ്‌ക്കിലും വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളംകുന്നത്തുകാവ് പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് എം.എല്‍.എ ഓഫിസിലുമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജൂണ്‍ 30 വരെയാണ് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനുമായുള്ള സമയം.
രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ഗുണഭോക്താക്കള്‍ക്കു ഈ വര്‍ഷം മുതല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സ അനുവദനീയമാണ്. കഴിഞ്ഞ വര്‍ഷം പരമാവധി 10,000 രൂപയാണു ലഭിച്ചിരുന്നത്. അമല, ജൂബിലി, അശ്വനി, ദയ എന്നീ ആശുപത്രികളില്‍ കാഷ് ലെസ്സ് സൗകര്യവും മറ്റു ആശുപത്രികളില്‍ റീഇബേഴ്‌സ്‌മെന്റ് സൗകര്യവുമാണു നല്‍കുന്നത്.
ഏകദേശം 50,000 പേര്‍ അംഗങ്ങളായിട്ടുള്ള ഈ പദ്ധതിയില്‍ പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെ ഒരുലക്ഷം പേരെ ചേര്‍ക്കുന്നതിനാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.
പുതിയതായി ചേരുന്ന കുടുംബങ്ങള്‍ കുടുംബനാഥന്റെ ഫോട്ടോയും ആധാര്‍ കാര്‍ഡും അപേക്ഷ ഫോമിനൊപ്പം നല്‍കണം. കഴിഞ്ഞ വര്‍ഷം മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചികിത്സാ സൗജന്യമാണ് വിവിധ ആശുപത്രികളില്‍ നിന്നു ലഭിച്ചത്. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പട്ടികജാതി വകുപ്പ്, കാരുണ്യ ഫണ്ട് തുടങ്ങിയ വിവിധ പദ്ധതികളില്‍ നിന്നായി ഒരുകോടി രൂപയോളം വടക്കാഞ്ചേരി മണ്ഡലത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കും ലഭ്യമായിട്ടുണ്ടെന്നു അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."