കരുവഞ്ചാലില്‍ സോളാര്‍ വിളക്കുകള്‍ കണ്ണടച്ചു
ആലക്കോട്: കരുവഞ്ചാല്‍ ടൗണില്‍ സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ കണ്ണടച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. നടുവില്‍ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച വിളക്കുകളാണ് അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമയത്. മോഷണവും മദ്യപ ശല്യവും പതിവായതോടെയാണ് പഞ്ചായത്ത് അധികൃതര്‍ 2014ല്‍ 25ഓളം സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിയുന്നതിന് മുന്‍പ് തന്നെ പലതും പ്രവര്‍ത്തിക്കാതായി. ഗുണനിലവാരമില്ലാത്ത ബാറ്ററികള്‍ ഉപയോഗിച്ചതാണ് സോളാര്‍ വിളക്കുകള്‍ ചുരുങ്ങിയ കാലം കൊണ്ട് ഉപയോഗശൂന്യമാകാന്‍ കാരണമായത്. വര്‍ഷാ വര്‍ഷം അറ്റകുറ്റപണികള്‍ നടത്തി വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്ന ഉടമ്പടി കരാറുകാരുമായി ഉണ്ടായിരുന്നെങ്കിലും ബില്ല് മാറികിട്ടിയതോടെ അവരും തിരിഞ്ഞുനോക്കാതായി. വിളക്കുകള്‍ സ്ഥാപിച്ച് രണ്ടു വര്‍ഷം ആയപ്പോഴേക്കും മുഴുവന്‍ പാനലുകളും ഉപയോഗശൂന്യമായി. മുന്‍ ഭരണസമിതി മാറി പുതിയതു വന്നിട്ടും സോളാര്‍ വിളക്കുകള്‍ കണ്ണുതുറന്നില്ല. നേരത്തെ ഉണ്ടായിരുന്ന വൈദ്യുതി വിളക്കുകള്‍ സോളാര്‍ വന്നതോടെ അഴിച്ചുമാറ്റുകയും ചെയ്തു. ബാഹികമായെങ്കിലും വെളിച്ചം കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് അതും ഇല്ലാതായി. ടൗണ്‍ ഇരുട്ടിലായത്തോടെ മദ്യപാനികളും മോഷ്ടാക്കളും വീണ്ടും സജീവമായതായി നാട്ടുകാര്‍ പറയുന്നു. നടുവില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും യാതൊന്നും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."