സ്ത്രീ സുരക്ഷയ്ക്ക് പദ്ധതിയുമായി കൊടുങ്ങല്ലൂര്‍ നഗരസഭാ ബജറ്റ്
കൊടുങ്ങല്ലൂര്‍: സ്ത്രീ സുരക്ഷയ്ക്ക് കോണ്‍ഫിഡന്റ് വുമണ്‍ പദ്ധതിയുമായി കൊടുങ്ങല്ലൂര്‍ നഗരസഭാ ബജറ്റ്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍ അവതരിപ്പിച്ച ബജറ്റിന്റെ ഏറ്റവും വലിയ സവിശേഷതയാണ് സ്ത്രീ സുരക്ഷാ പദ്ധതി.
തൊഴിലിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ നേരിടാനായി ആയോധന കലയില്‍ പരിശീലനം നല്‍കുകയും കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് സ്ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും ബോധവല്‍കരണം നല്‍കുകയും ചെയ്യുകയാണ് കോണ്‍ഫിഡന്റ് വുമണ്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്ന പദ്ധതിക്കും ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.
കനോലി കനാല്‍, പൊതുതോടുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി വാര്‍ഡ് തലത്തില്‍ ബോധവല്‍കരണം നടത്തും.
നഗരസഭാ പരിധിയില്‍ എല്ലാവര്‍ക്കും വീട്, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, ദളവാകുളം സൗന്ദര്യവല്‍കരണം, മുനിസിപ്പല്‍ പാര്‍ക്ക് ആംഫി തിയേറ്റര്‍ മോഡലില്‍ നവീകരിക്കല്‍, നഗരസഭാ ബസ് സ്റ്റാന്റിന്റെ രണ്ടാം ഘട്ട നവീകരണം, ബസ് സ്റ്റോപ്പില്‍ മെഡിക്കല്‍ ക്ലിനിക്ക്, പൊതു ജലസ്രോതസുകള്‍ കേന്ദ്രീകരിച്ച് ചെറുകിട കുടിവെള്ള പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം, പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് പോകാന്‍ ധനസഹായം, ലഹരി വിരുദ്ധ ബോധവല്‍കരണം, വിദ്യാലയങ്ങളില്‍ സായാഹ്ന ക്ലാസുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്.
നൂറ്റി ഏഴ് കോടി പന്ത്രണ്ട് ലക്ഷത്തി അറുപത്തിനാല് ലക്ഷത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ആറ് രൂപ വരവും നൂറ്റി അഞ്ച് കോടി ഇരുപത്തി ഏഴ് ലക്ഷത്തി എണ്‍പത്തി മൂവ്വാരത്തി ഇരുന്നൂറ് രൂപ ചിലവും ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് രൂപ നീക്കിയിരിപ്പും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ ബജറ്റ് യോഗത്തില്‍ അധ്യക്ഷനായി. ബജറ്റിന്‍മേലുള്ള ചര്‍ച്ച തിങ്കളാഴ്ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."