തപാല്‍ സമരം മൂന്നാം ദിവസത്തിലേക്ക്
കണ്ണൂര്‍: തപാല്‍ ജിവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് മൂന്നുദിവസം പിന്നിട്ടതോടെ കണ്ണൂര്‍ ജില്ലയില്‍ തപാല്‍, ആര്‍.എം.എസ് ഉരുപ്പടികളുടെ നീക്കം സ്തംഭിച്ചു. ഇതോടെ സേവനങ്ങള്‍ കിട്ടാതെ ആളുകള്‍ വലഞ്ഞു. രണ്ടരലക്ഷം ഗ്രാമീണ ഡാക് സേവക് ജിവനക്കാരുടെ ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ഒന്നര വര്‍ഷമായി നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്‍.എഫ്.പി.ഇ- എഫ്.എന്‍.പി.ഒ നേതൃത്വത്തില്‍ ജീവനക്കാര്‍ അനിശ്വിതകാല പണിമുടക്ക് തുടങ്ങിയത്. ആയിരക്കണക്കിന് പാസ്‌പോര്‍ട്ടുകള്‍ കണ്ണൂര്‍ സ്പീഡ് പോസ്റ്റ് ഹബുകളില്‍ കെട്ടികിടക്കുകയാണ്. ജോലി ആവശ്യത്തിന് വിദേശത്ത് പോകേണ്ടവര്‍ ആശങ്കയിലാണ്. സേ പരീക്ഷകളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പാര്‍സലുകളും സ്പീഡ് പോസ്റ്റുകളും കത്തുകളും ആര്‍.എം.എസ് ഓഫിസുകളില്‍ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി ഹെഡ് പോസ്റ്റുകളിലെ സ്റ്റേഷണല്‍ സേവിങ്‌സ് തടസപ്പെട്ടതോടെ കോടിക്കണക്കിന് ഇടപാടുകള്‍ മുടങ്ങി. മഹിളാ പ്രധാന്‍ ഏജന്റുമാരും നാഷണല്‍ സേവിങ്‌സ് ഏജന്റുമാരും സ്വരൂപിച്ച വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപങ്ങള്‍ അടക്കാനാവാതെ വിഷമിക്കുകയാണ്. കോടതി, ആര്‍.ടി.ഒ കത്ത് വിതരണവും സമരം കാരണം തടസപ്പെട്ടിരിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത സമരസമിതി ഇന്ന് വൈകിട്ട് 3ന് വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സമര സമിതിക്ക് രൂപം നല്‍കും. പണിമുടക്കിയ ജീവനക്കാര്‍ കണ്ണൂരില്‍ പ്രകടനം നടത്തി. പൊതുയോഗം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."