സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ തട്ടുകടകള്‍ പൊളിച്ചു നീക്കി
കാക്കനാട് : മഴക്കാല പൂര്‍വ ശുചീകരണത്തിന് മുന്നോടിയായി പകര്‍ച്ച വ്യാധി തടയുന്നതിനായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ജില്ലാപഞ്ചായത്തിന് സമീപം എട്ട് തട്ടുക്കടകള്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ, റവന്യു വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി.ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് തട്ടുകടകളും അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളും പരിശോധന നടത്തി പൊളിച്ച് നീക്കുന്നത്.കച്ചവടക്കാരുടെ എതിര്‍പ്പുകള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ വന്‍ പൊലിസ് സംരക്ഷത്തോടെയാണ് പൊളിച്ച് നീക്കല്‍ നടപടി സ്വകരിക്കുന്നത്. പതിനാറ് പെട്ടിക്കടകള്‍ പരിശോധിച്ചതില്‍ എട്ടെണ്ണത്തിന് പൊളിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി.
സീപോര്‍ട്ട് റോഡ് വീതി കൂട്ടുന്നതിനായി അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
ഒലിമുകള്‍ ഭാഗത്തെയും കാക്കനാട് ജങ്ഷനിലെ തിരക്കേറിയ ഭാഗങ്ങളിലെയും കടകള്‍ അടുത്ത ദിവസങ്ങില്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല തട്ടുകടളില്‍ നിന്ന് ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായാണ് പൊളിച്ച് നീക്കല്‍ നടപടികള്‍. മഴക്കാലത്തിന് മുന്നോടിയായി പൊളിച്ച് നീക്കല്‍ നടപടികള്‍ ജില്ലയുടെ പലഭാഗത്തായി തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കളമശ്ശേരി, തൃക്കാക്കര നഗരസഭ, കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലാണ് അനധികൃത തട്ടുകള്‍ക്കെതിരെ നടപടി ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."