ചേര്‍ത്തല നഗരസഭയ്ക്ക് ജൈവകൃഷിക്കും ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ്
ചേര്‍ത്തല: ജൈവകൃഷിക്കും ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന ആകെ 56,42,79,446 രൂപ വരവും 54,16,66,600 രൂപ ചിലവും 2,26,12,846 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചേര്‍ത്തല നഗരസഭ പാസാക്കി.
വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനും പുതിയ ജൈവ സംസ്‌കാരം രൂപപ്പെടുത്തുന്നതിനുമായി ഹരിതകേരളം പദ്ധതിയിലൂടെ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി ജൈവകൃഷി, ഗ്രൂപ്പ് ഫാമിങ്, കൃഷിക്ക് ഉപയുക്തമായ ഏതുഭൂമിയിലും കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം എന്നിവ നല്‍കുന്നതിന് മുന്‍ഗണന കൊടുക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പഴ്‌സണ്‍ ശ്രീലേഖ നായര്‍ അവതരിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി ക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങിയവ നടത്തും. പ്ലാസ്റ്റിക് ശേഖരണത്തിനായി എല്ലാ കൗണ്‍സിലര്‍മാര്‍ക്കും 10000 രൂപ വീതമുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനുള്ള എറോബിക് ബിന്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പുതിയ പൊക്ലെയിന്‍ വാങ്ങുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരുവെള്ളം മൂലം ശുദ്ധജലത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒന്നു മുതല്‍ എട്ട് വരെയുള്ള വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുവാനും പണം നീക്കിവച്ചിട്ടുണ്ട്. ജലശുദ്ധീകരണ സംവിധാന സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് രണ്ടരകോടി, തൊഴിലുറപ്പു പദ്ധതിക്കും നഗരസഭ ഓഫിസിന് മുന്നിലെ വ്യാപാര സമുച്ചയത്തിനും രണ്ട് കോടി വീതവും, റോഡുകളുടെ പുനരുദ്ധാരണത്തിനും സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കെട്ടിടനിര്‍മാണം എന്നിവയ്ക്കും തെരുവുവിളക്കുകള്‍ക്ക് എല്‍ഇഡി ബള്‍ബ്, സ്വച്ഛഭാരത് പദ്ധതി എന്നിവ ഒരോ കോടി രൂപ വീതം നീക്കിവച്ചിട്ടുണ്ട്. സ്റ്റേഡിയം നിര്‍മാണത്തിന് 90 ലക്ഷം, സര്‍വ ശിക്ഷാ അഭിയാന് 60 ലക്ഷം, മാര്‍ക്കറ്റ് നവീകരണം, റെയില്‍വേ സ്റ്റേഷന് സമീപം ബസ് സ്റ്റാന്‍ഡ്, ഷോപ്പിങ് മാള്‍ നിര്‍മാണം, പുതിയ റോഡ് നിര്‍മാണം, ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ സ്ട്രീറ്റ് ലൈന്‍, പുതിയ ടാപ്പുകള്‍, ഗ്രൂപ്പ് ഫാമിങ്, ഹൈവേ പാലം മുതല്‍ വയലാര്‍ കായല്‍ വരെ എഎസ് കനാല്‍ സൗന്ദര്യവല്‍കരിച്ച് പിക്‌നിക് സ്‌പോട്ട് നിര്‍മാണം എന്നിവയ്ക്ക് അരകോടി വീതവും വകയിരുത്തി.
നഗരസഭാധ്യക്ഷന്‍ ഐസക് മാടവന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി ടി ജോസഫ്, ബി ഭാസി, സിന്ധു ബൈജു, സെക്രട്ടറി ജെ മുഹമ്മദ് ഷാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."