ആവശ്യക്കാരുണ്ടോ ? കേരളത്തിന്റെ ഔദ്യോഗിക ഫലം കാത്തിരിക്കുന്നു
എടച്ചേരി: ഫലവര്‍ഗത്തില്‍ കേരളത്തിന്റെ സംസ്ഥാന ഫലമായി ഉയര്‍ന്നെങ്കിലും നാട്ടില്‍ പുറങ്ങളിലെ പ്ലാവുകളില്‍ ഇപ്പോഴും ചക്ക ആവശ്യക്കാരെ കാത്തിരിക്കുകയാണ്. ചക്കച്ചുള ഒന്നിന് അഞ്ച് മുതല്‍ പത്ത് രൂപ വരെ ലഭിക്കുമെന്നും, കേരളത്തിന് പുറത്ത് ചക്കക്ക് വന്‍ പ്രിയമാണെന്നൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍ ചക്കകള്‍ ഇപ്പോഴും ആര്‍ക്കും വേണ്ടാതെ പ്ലാവില്‍നിന്ന് പഴുത്തും, കേട് വന്നും വീണ് പോവുകയാണ്. മഴക്കാലത്തിന് മുന്‍പ് പ്ലാവിന്റെ താഴ്ഭാഗത്തായി വിരിഞ്ഞ ചക്കകള്‍ ഏറെക്കുറെ മൂപ്പെത്താതെ തന്നെ വീട്ടുകാര്‍ വിളവെടുത്തിരുന്നു. എന്നാല്‍ പ്ലാവിന്റെ മുകള്‍ഭാഗത്തായി അവശേഷിച്ച ചക്കകള്‍ വിളവെടുക്കാന്‍ പറ്റാതെ പറമ്പിലും വഴിയിലും വീണ് അടിഞ്ഞുകൂടുകയാണ്.
ഉയരങ്ങളില്‍ നിന്ന് പഴുത്ത ചക്കകള്‍ പറമ്പിലേക്ക് വീഴുന്നതോടെ ചുളുകള്‍ മണ്ണില്‍ ചിതറിപ്പോകുന്നു. ഇത് വീട്ടുകാര്‍ക്ക് ഉപയോഗിക്കാനും പറ്റില്ല. മുന്‍ കാലങ്ങളില്‍ വീട്ടമ്മമാര്‍ തന്നെ ഏറെ പണിപ്പെട്ട് ചക്കകള്‍ കൊയ്‌തെടുത്ത് പാകം ചെയ്തും പഴുപ്പിച്ചും കഴിക്കാറുണ്ടായിരുന്നു. എന്നാല്‍ പുതിയ തലമുറയിലെ വീട്ടമ്മമാര്‍ ഇതിനൊന്നും തയാറാവാതെ മടിച്ചു നിന്നപ്പോഴാണ് പ്ലാവുകളില്‍ ചക്ക ബാക്കിയാകുന്നത്.
അതെ സമയം കാന്‍സറിന് പോലും ഔഷധമാകുന്ന ചക്കയുടെ പ്രാധാന്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇതിനെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചെങ്കിലും വേണ്ട രീതിയില്‍ സംരക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തില്ല. നാളികേര സംഭരണത്തിന് മാര്‍ഗം കണ്ടെത്തിയ പോലെ നിശ്ചിത വില നിശ്ചയിച്ച് പഞ്ചായത്തുകളിലെ കൃഷിഭവന്‍ കേന്ദ്രീകരിച്ച് വരും വര്‍ഷങ്ങളിലെങ്കിലും ചക്ക സംഭരണവും ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഔദ്യോഗിക ഫലം നാട്ടിന്‍പുറങ്ങളില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാതെ നശിച്ചുപോകുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."