വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലം: ഏക ട്രൈബല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാഭ്യാസം അനിശ്ചിതത്വത്തില്‍
പുതുക്കാട്: കോടതി നിര്‍ദേശമുണ്ടായിട്ടും സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് പഠനം അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ വര്‍ഷം കോടതി നിര്‍ദേശത്തെ തുടര്‍ന്നു ഇവിടെ എട്ടാം ക്ലാസ് ആരംഭിച്ചിരുന്നു. എന്നാല്‍ എട്ടാം ക്ലാസ് മാത്രമായി ഹൈസ്‌കൂള്‍ വിഭാഗം പ്രവര്‍ത്തിക്കാനാവില്ലെന്ന വകുപ്പു നിലപാടാണു എച്ചിപ്പാറയ്ക്കു തിരിച്ചടിയാകുന്നത്. ഈ വര്‍ഷം ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ 15 വിദ്യാര്‍ഥികളാണു എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായത്.
എട്ടാം ക്ലാസ് അനുവദിക്കാതായതോടെ ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്കു പഴയപടി കിലോമീറ്ററുകള്‍ കടന്നു ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നേടേണ്ട സ്ഥിതിയിലായി. സര്‍ക്കാരിന്റെ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ വിവരശേഖരങ്ങള്‍ ഇല്ലാത്തതു മൂലം ടി.സി ലഭിക്കുന്നതിനും തടസമായിരിക്കുകയാണ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മൂന്നു കിലോമീറ്ററിനുള്ളില്‍ യു.പി സ്‌കൂളും ഏഴ് കിലോമീറ്ററിനുള്ളില്‍ ഹൈസ്‌കൂളും വേണമെന്നാണു ചട്ടം. പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഹൈസ്‌കൂളുകളില്ലാത്ത എച്ചിപ്പാറ എല്‍.പി സ്‌കൂളിലെ കുട്ടികളുടെ കത്ത് ഹര്‍ജിയായി പരിഗണിച്ചാണു ഇവിടെ യു.പി ക്ലാസ്സുകള്‍ അനുവദിച്ചു ഹൈകോടതി ഉത്തരവായത്.
കഴിഞ്ഞ വര്‍ഷം ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്കു ഇവിടെ തന്നെ എട്ടാം ക്ലാസില്‍ പഠിക്കാനും അധ്യാപകരേയും അനുബന്ധ സൗകര്യങ്ങളുമനുവദിക്കാനും കോടതി ഉത്തരവുണ്ടായിരുന്നു.
കോടതി ഉത്തരവ് ഉണ്ടായിട്ടും പുതിയ ക്ലാസിനായി തസ്തിക സൃഷ്ടിക്കുകയോ ഹൈസ്‌കൂളായി ഉയര്‍ത്തുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും ചോദ്യപേപ്പറുകളും സര്‍ക്കാര്‍ നല്‍കിയെങ്കിലും അധ്യാപക നിയമനം മാത്രം നടത്തിയില്ല.
ഇതേ തുടര്‍ന്നു ഏഴാം ക്ലാസിലെ അധ്യാപകര്‍ തന്നെയാണു എട്ടാം തരക്കാര്‍ക്കും ക്ലാസെടുത്തത്. എന്നാല്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കു ഇനി സമ്പൂര്‍ണയില്‍ നിന്നു ടി.സി ലഭിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കോടതി ഉത്തരവുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ എച്ചിപ്പാറ ട്രൈബല്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വരെയാണു ഉള്ളത്.
ഈ സാഹചര്യത്തില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്കു സമ്പൂര്‍ണ്ണയില്‍ നിന്ന് ടി.സി. നല്‍കാന്‍ കഴിയില്ല. ടി.സി ഇല്ലാത്തതുമൂലം ഈ കുട്ടികള്‍ക്കു ഇനി മറ്റു സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള പ്രാഥമിക പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എച്ചിപ്പാറ സ്‌കൂളില്‍ എട്ടാം ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു സ്ഥലം എം.എല്‍.എയായിരുന്ന സി. രവീന്ദ്രനാഥ് അന്നത്തെ വിദ്യാഭ്യാസമന്ത്രി അബ്ദുറബിനു അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ സി.രവീന്ദ്രനാഥ് ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായിട്ടും കോടതി ഉത്തരവുണ്ടായിട്ടും നടപടികളെടുക്കാന്‍ മന്ത്രി മുന്‍കയ്യെടുക്കുന്നില്ലെന്നാണു ആക്ഷേപം.
സര്‍ക്കാര്‍ ഇരട്ടത്താപ്പ് നടത്തുന്ന സാഹചര്യത്തില്‍ എച്ചിപ്പാറയിലെ കുട്ടികളുടെ പ്രശ്‌നപരിഹാരത്തിനു പി.ടി.എ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
എച്ചിപ്പാറ ട്രൈബല്‍ സ്‌ക്കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുക, ആവശ്യമായ തസ്തികകള്‍ അനുവദിക്കുക എന്നിവയാണ് പി.ടി.എ യുടേയും നാട്ടുകാരുടേയും ആവശ്യങ്ങള്‍.
ആദിവാസി, തോട്ടംതൊഴിലാളി വിഭാഗങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ എട്ടാം ക്ലാസ് അനുവദിച്ചു കുട്ടികള്‍ക്കു മികച്ച പഠന സൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.ടി.എ പ്രസിഡന്റ് റിയാസ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു ഊന്നല്‍ നല്‍കി വിദ്യാഭ്യാസരംഗത്തെ ഉന്നതിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ രാജ്യത്തെ ആദ്യ ഹൈടെക് ട്രൈബല്‍ സ്‌കൂളായ എച്ചിപ്പാറ സ്‌കൂളിനെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണു മലയോര നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."