കഴുത്തില്‍ കത്തി വെച്ച് പണം തട്ടിയ സംഭവം: മൂന്നുപേര്‍ പിടിയില്‍
പരപ്പനങ്ങാടി: ഒരാഴ്ച മുമ്പു പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വെച്ചു യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മൂന്നു പ്രതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പ്രതികളില്‍ കോട്ടത്തറ ഉള്ളിശ്ശേരി വിവേക്(24), പുത്തരിക്കല്‍, മുഹമ്മദ് റഫീഖ് എന്ന ഷാനു(22), എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതി മുങ്ങാത്തംതറ അജീഷ് ബാബു(21) ഗള്‍ഫിലേക്കു കടന്നതായി എസ്.ഐ കെ.ജെ ജിനേഷ് പറഞ്ഞു. ജൂണ്‍ 21 നു രാത്രി തിരൂരില്‍ നിന്നു തീവണ്ടിയില്‍ വന്നിറങ്ങിയ മൂന്നിയൂര്‍ പടിക്കല്‍ കാളമ്പറമ്പില്‍ ഷിനോജിന്റെ കഴുത്തില്‍ കത്തി വെച്ചു ഭീഷണിപ്പെടുത്തി ആയിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തതിന്‍ മേലാണു കേസ്.
ചോദ്യം ചെയ്യലിനിടെ ജൂണ്‍ നാലിനു കോടതി പരിസരത്തു നടന്ന സമാനമായ കേസിലെ പ്രതികളും ഇവരില്‍ രണ്ടുപേരാണെന്നു തിരിച്ചറിഞ്ഞു. പരപ്പനങ്ങാടിയില്‍ വ്യാപാരംനടത്തുന്ന ചുടലപ്പറമ്പു ചതുവന്‍ഹൗസില്‍ അബ്ദുള്‍ ലത്തീഫിന്റെ 17000 രൂപയും മൊബൈലുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. വിവേക്, അജീഷ് ബാബു എന്നിവര്‍ക്കു പുറമെ ഈ കേസിലെ മൂന്നാം പ്രതി തിരുനാവായ പട്ടത്ത് ഹൗസില്‍ മുഹമ്മദ് അബ്ബാസി(26)നേയും പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണി ഭയന്ന് അബ്ദുള്‍ ലത്തീഫ് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. തുടര്‍ന്നു പ്രതികളില്‍ നിന്നു വിവരം ലഭിച്ചതോടെയാണ് എസ്.ഐ അബ്ദുള്‍ ലത്തീഫിനെ വിളിച്ചുവരുത്തി കേസെടുത്തത്. മൂവരുടെയും പേരില്‍ 392-ാം വകുപ്പു പ്രകാരം ആയുധം കാണിച്ചുള്ള കവര്‍ച്ചക്കു കേസ് രജിസ്റ്റര്‍ ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."