ഇസ്റാഈല്‍ ഷെല്ലാക്രമണം; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: ഇസ്റാഈല്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് സംഘാംഗങ്ങളാണു കൊല്ലപ്പെട്ടവരെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ഗസ്സ മുനമ്പിലെ അതിര്‍ത്തിയില്‍ വച്ചായിരുന്നു സംഭവം. ഇവിടെ ഒരു നിരീക്ഷണകേന്ദ്രം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. അതിര്‍ത്തിക്കടുത്ത് ശനിയാഴ്ച രാത്രി ബോംബ് സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നെന്നും ഇതിനു പ്രതികാരമായാണു നടപടിയെന്നും സൈന്യം അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ ബോംബ് കണ്ടെത്തുന്നതിന്റെ വിഡിയോ ദൃശ്യം സൈന്യം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഫലസ്തീനി വിമോചന സംഘമായ ഹമാസില്നിന്നു വേര്‍പ്പെട്ടു വര്‍ഷങ്ങളായി സ്വന്തംനിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്ലാമിക് ജിഹാദ്. മാര്‍ച്ച് 30ന് വിവിധ ഫലസ്തീനി സംഘടനകള്‍ ആരംഭിച്ച ഏഴുവാര പ്രക്ഷോഭത്തിനുനേരെ ഇസ്റാഈല്‍ നടത്തിയ ക്രൂരമായ വെടിവയ്പ്പിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആഴ്ചകളായി നടന്ന ഇസ്റാഈല്‍ വെടിവയ്പ്പില്‍ 115 പേരാണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."