രക്തസാക്ഷിയായ ഹദീസ് പണ്ഡിതന്‍
ഹദീസ് പണ്ഡിതരില്‍ പ്രമുഖനായ ഇമാം നസാഈ(റ) ജനിക്കുന്നത് ഹിജ്‌റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് . അബൂഅബ്ദുര്‍റഹ്മാന്‍ അഹ്്മദുബ്‌നി ശുഐബി ബ്‌നി അലി അന്നസാഈ എന്നാണ് പൂര്‍ണ നാമം. നസാ' എന്നത് തുര്‍ക്കിസ്താനിലെ പ്രധാന പട്ടണമാണ്. അത് പഴയകാല വൈജ്ഞാനിക കേന്ദ്രമായ ഖുറാസാനിന്റെ ഭാഗമാണ്.
സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന പ്രബലമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ട സുനുന്നസാഈ അദ്ദേഹത്തിന്റെ രചനയാണ്. പ്രാഥമിക ജ്ഞാന സമ്പാദനത്തിനു ശേഷം ഖുറാസാനിലെത്തന്നെ ബഗ്ലാന്‍, പിന്നീട് ഹിജാസ്, ഇറാഖ്, അല്‍ജീരിയ, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ അറിവുതേടി സഞ്ചരിച്ച അദ്ദേഹം അവസാനം ഈജിപ്തില്‍ സ്ഥിരതാമസമാക്കി.
വളരെ ചെറുപ്പത്തില്‍ തന്നെ വിജ്ഞാന സമ്പാദനത്തിലും ഹദീസ് ശേഖരണത്തിലും മുന്നിലായിരുന്നു അദ്ദേഹം. നൈസാബുരില്‍ നിന്നാണ് ഇസ്ഹാഖ്ബ്‌നു റാഹവയ്ഹി(റ)യെ ഗുരുവായി ലഭിക്കുന്നത്. സ്വിഹാഹുസ്സിത്തയുടെ കര്‍ത്താക്കളുടെയെല്ലാം ഗുരുവര്യരായിരുന്നു അദ്ദേഹം. അലിയ്യുബ്‌നു ഖശ്‌റം, അലിയ്യുബ്‌നു ഹജര്‍(റ), ഖുതൈബത്തുബ്‌നു സഈദ്(റ),യഹ്‌യബ്‌നു മഈന്‍(റ),അഹ്മദ് ബ്‌നു മനീഅ്(റ) ,മുഹമ്മദ് ബ്‌നുല്‍ മുസന്നാ, അബൂമുസമിന്‍, അബ്ബാസ്ബ്‌നു അബ്ദുല്‍ അളിമീല്‍ അസരീ, മുഹമ്മദ് ബ്‌നു ബശ്ശാര്‍ ,മുഹമ്മദ്ബ്‌നു അബ്ദില്ലാഹില്‍ ഖലന്‍ജി(റ) , യൂനുസ്ബ്‌നു അസദില്‍ അഅ്‌ലാ, അഹ്മദ്ബ്‌നു അബ്ദിറഹ്മാന്‍, മുഹമ്മദ് ബ്‌നു അബ്ദില്ലാ, ഇസ്ഹാഖുബ്‌നു റാഹവൈഹി, ഹിശാമുബ്‌നു അമ്മാര്‍, ഈസബ്‌നു അഹ്മദ്, ഹുസൈനുബ്‌നു മന്‍സ്വൂര്‍ അസ്സലമി, അംറുബ്‌നു സുറാറ, മുഹമ്മദ്ബ്‌നുന്നസ്‌റില്‍ മര്‍വസി, സുവൈദുബ്‌നു നസ്‌റ്, അബൂകുറൈബ് മുഹമ്മദ്ബ്‌നു റാഫിഅ്, അലിയ്യുബ്‌നു ഹജര്‍, യൂനുസ്ബ്‌നു അബ്ദില്‍ അഅ്‌ലാ തുടങ്ങിയ അനേകരില്‍ നിന്ന് അദ്ദേഹം ഹദീസുകള്‍ സ്വായത്തമാക്കിയിട്ടുണ്ട് (ത്വബഖാത്).നസാഈ(റ)യുടെ ഗുരുനാഥന്മാരെ വിവരിച്ച് മാത്രം ഗ്രന്ഥരചന നടന്നിട്ടുണ്ട്.
ആവശ്യമുള്ള ഹദീസുകളുടെ ഇന്‍ഡക്‌സ് പരതി ഗ്രന്ഥത്തില്‍ നിന്ന് ഹദീസ് ചികഞ്ഞെടുക്കുന്ന നമുക്ക് അവ ക്രോഢീകരിക്കുന്നതിനായി മുന്‍കാല പണ്ഡിതര്‍ സഹിച്ച ത്യാഗം മനസ്സിലായിക്കൊള്ളണമെന്നില്ല. കാലം ഏറെ പുരോഗതി പ്രാപിച്ച് മൗസിന്റെ ഒറ്റക്ലിക്കിലൂടെ മോണിറ്ററില്‍ നമുക്ക് ആവശ്യമായത് സേര്‍ച്ച് ചെയ്‌തെടുക്കുന്ന ന്യൂജെന്‍ കാലത്ത് പ്രത്യേകിച്ചും.
ഹാഫിള് അബുല്‍ഖാസിം മഅ്മൂനില്‍ മിസ്‌രി(റ)യെ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുല്‍ അദീം എഴുതുന്നു: 'ഞാനും അബൂ അബ്ദിര്‍റഹ്മാനുന്നസാഈയും ത്വര്‍സൂസിലെത്തി. അന്നേരം അവിടെ ഒരു സംഘം പണ്ഡിതര്‍ സമ്മേളിച്ചിരിക്കുന്നു. ഹാഫിള് അബ്ദുല്ലാഹിബ്‌നു അഹ്മദ്ബ്‌നു ഹസന്‍, കീലജ എന്നറിയപ്പെടുന്ന മുഹമ്മദ്ബ്‌നു സ്വാലിഹ്, മുഹമ്മദ്ബ്‌നു ഇബ്‌റാഹിം മര്‍ബഅ്, അബുല്‍ ആദാന്‍ ഉമറുബ്‌നു ഇബ്‌റാഹിം, ഹഫ്‌സുബ്‌നു ഉമര്‍ സജനത് അല്‍ഫ് തുടങ്ങിയവര്‍ അവരിലുണ്ട്. ഹദീസുകള്‍ പ്രബലമായതും അല്ലാത്തതും വേര്‍തിരിച്ചെടുക്കുന്നതിനു പറ്റിയ ഒരാളെക്കുറിച്ചാണ് കൂടിയാലോചന. അവസാനം അവര്‍ അതിന് ഏകകണ്ഠമായി ഇമാം നസാഈ(റ)യെ തെരഞ്ഞെടുത്തു (ബിഗ്‌യത്തുത്വലബി ഫീ താരീഖ് ഹലബ്). ഇത് അദ്ദേഹത്തിനുള്ള വലിയ അംഗീകാരമായിരുന്നു.
മുപ്പതിലധികം ഗ്രന്ഥങ്ങള്‍ ഇമാം നസാഈ(റ) രചിച്ചിട്ടുണ്ട്. ഹദീസ് മേഖലയില്‍ അനവധി സംഭാവനകള്‍ നല്‍കിയ ഇമാം നസാഇയുടെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് സുനനുല്‍ കുബ്‌റയും സുനനു സുഗ്‌റയും. ഫലസ്ഥീനിലെ റാമല്ല ഭരണാധികാരിക്ക് സമര്‍പ്പിക്കാന്‍വേണ്ടി എഴുതിയതായിരുന്നു സുനനുല്‍ കുബ്‌റ. 5761 ഹദീസുകളാണ് ഇതിലുള്ളത്. ഈ ഗ്രന്ഥം തീര്‍ത്തും സ്വഹീഹാണോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നസാഇയുടെ മറുപടി അല്ലെന്നായിരുന്നു. സ്വഹീഹ് മാത്രമുള്ള ഒരു ഗ്രന്ഥത്തിന്റെ ആവശ്യം അമീര്‍ അറിയിച്ചപ്പോഴാണ് സുനന്‍ സ്വുഗ്‌റാക്ക് നസാഈ രൂപം നല്‍കിയത്. സ്വിഹാഹുസ്സിത്തയില്‍ സുനന്‍ സുഗ്‌റയാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് അല്‍മുജ്തബാ എന്നും അല്‍മുജ്തനാ എന്നും പേരുകളുണ്ട്. ഇവ കൂടാതെ അസ്മാഉര്‍റുവാത്തി വത്തംയീസി ബൈനഹും, കിതാബുല്‍ കുനാ, മശീഖത്തുന്നസാഈ, അത്വബഖാത്, മഅ്‌രിഫതുല്‍ ഇഖ്‌വതി വല്‍ അഖവാത്തി, മുസ്‌നദുകള്‍, കിതാബുല്‍ ഇശ്‌റാഖ്, തഫ്‌സീര്‍, അല്‍ജുമുഅ, ഖസ്വാഇസു അലി, തസ്മിയത്തു ഫുഖഹാഇല്‍ അംസ്വാര്‍, ഫളാഇലുല്‍ ഖുര്‍ആന്‍, കിതാബുല്‍ മുദല്ലിസീന്‍, അഹ്‌സനുല്‍ അസാനീദ്, തസ്മിയതുള്ളുഅഫാഇ വല്‍ മത്‌റൂകീന്‍, മന്‍സികുല്‍ ഹജ്ജ് എന്നിങ്ങനെ ഫിഖ്ഹ്, ഹദീസ്, ഇല്‍മുല്‍ ഹദീസ്, തഫ്‌സീര്‍ വിഭാഗങ്ങളിലെല്ലാം ഇമാമിന് ഗ്രന്ഥങ്ങളുണ്ട്.
ഇമാം നസാഈ തികഞ്ഞ സൂക്ഷ്മതയുള്ള പണ്ഡിതനായിരുന്നു. രാവും പകലും ഇബാദത്തുകളില്‍ മുഴുകുമായിരുന്നു.ഹാഫിള് മുഹമ്മദ്ബ്‌നുല്‍ മുളഫ്ഫര്‍(റ) പറയുന്നു: 'മിസ്‌റിലെ നമ്മുടെ ഉസ്താദുമാര്‍ ഇമാം നസാഈ(റ)യുടെ രാപ്പകലുകളിലെ ഇബാദത്തിനെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം നോമ്പനുഷ്ഠിക്കുമായിരുന്നു' (ത്വബഖാത്).
ഈജിപ്തില്‍ താമസമാക്കിയിരുന്ന നസാഈ, ഹി. 302ല്‍ ദമസ്‌കസിലേക്ക് വന്നപ്പോള്‍, ദീര്‍ഘകാലം അമവി ഭരണത്തിന്‍ കീഴില്‍ ജീവിച്ച ജനങ്ങള്‍ ഖവാരിജുകളോട് കൂടുതല്‍ അടുപ്പവും അലി(റ)യോടും കുടുംബത്തോടും വിദ്വേഷവും പുലര്‍ത്തുന്നതായി കണ്ടു. തുടര്‍ന്നദ്ദേഹം അലി(റ) യെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. ഇതില്‍ ക്ഷുഭിതരായ ആളുകള്‍ അദ്ദേഹത്തെ മാരകമായി മുറിവേല്‍പിച്ചു. പിന്നീട് അദ്ദേഹത്തെ ഫലസ്തീനിലേക്ക് മാറ്റിയെന്നും മക്കയിലേക്ക് മാറ്റിയെന്നും അഭിപ്രായ വ്യത്യാസം ഉണ്ട്. ഹിജ്‌റ 303ല്‍ 88ാം വയസ്സിലാണ് അദ്ദേഹം രക്തസാക്ഷിയാകുന്നത്. മരണപ്പെട്ടത് എവിടെയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യനായ അബൂസഈദ് ബിന്‍ യൂസുഫ് ഫലസ്തീനിലെ റാമല്ലയില്‍ വച്ചാണ് എന്ന് അഭിപ്രായപ്പെടുമ്പോള്‍ മക്കയില്‍ വച്ചാണ് എന്നാണ് ദാറഖുത്‌നി പറയുന്നത്. ദഹബി,മഖ്‌രിസി, ഇബ്‌നു ഖല്ലിക്കാന്‍ തുടങ്ങിയവരുടെ വീക്ഷണം ഫലസ്തീനിലാണ് എന്നാണ്. (തദ്കിറ 669, വഫയാ ത്തുല്‍ അഅ്‌യാന്‍1:77,അല്‍ബിദായത്തു വന്നിഹായ 11:124)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."