ഒരു കുടുംബത്തിന്റെ ജീവനെടുത്തത് ബ്ലേഡ് മാഫിയുടെ സമ്മര്‍ദമെന്ന് സൂചന
എരുമപ്പെട്ടി: കടങ്ങോട് ഗൃഹനാഥന്റേയും കുടുബാംഗങ്ങളുടേയും ജീവനെടുത്തത് ബ്ലേഡ് മാഫിയുടെയും ഭൂമാഫിയുടെയും ഇടപെടലും ബാങ്കിന്റെ ജപ്തി ഭീഷണിയുമാണെന്ന് ് സൂചന. ഉയര്‍ന്ന സാമ്പത്തിക നിലവാരത്തില്‍ കഴിഞ്ഞിരുന്ന സുരേഷ്‌കുമാറിനെ കടക്കെണിയിലാക്കിയത് സ്വകാര്യ കുറി നടത്തിപ്പായിരുന്നു. കെട്ടിട നിര്‍മാണങ്ങളില്‍ ടൈല്‍ വിരിക്കുന്ന കരാറുകാരനായിരുന്ന സുരേഷ്‌കുമാറിന്റെ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. കഠിനാധ്വാനിയും വിശ്വസ്തനുമായ സുരേഷ്‌കുമാറിനെ തൊഴിലേല്‍പ്പിക്കാന്‍ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആവശ്യക്കാര്‍ തേടിയെത്തിയിരുന്നു. ഇതിനിടയിലാണ് സ്വകാര്യ വിളിക്കുറി നടത്താന്‍ സുരേഷ് തീരുമാനിച്ചത്. തുടക്കത്തില്‍ നല്ല രീതിയില്‍ നടന്നിരുന്ന കുറി കുബേര നിയമം വന്നപ്പോള്‍ ഇതിന്റെ മറവില്‍ വിളിച്ചവര്‍ തിരിച്ചടയ്ക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കുറി പൊളിയുകയും പണം അടച്ചവര്‍ക്ക് തിരികെ നല്‍കാന്‍ കഴിയാതെ സുരേഷ് കുമാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. കടബാധ്യത തീര്‍ക്കാന്‍ ബ്ലേഡ് മാഫിയ സംഘങ്ങളില്‍ നിന്ന് കൊള്ള പലിശയ്ക്ക് പണം വായ്പയെടുത്തത് സുരേഷ്‌കുമാറിനേയും കുടുംബത്തേയും കൂടുതല്‍ കുരുക്കിലാക്കി. 6 മാസം മുമ്പ് പണം ലഭിക്കാനുള്ളവര്‍ സുരേഷിന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും കുത്തിയിരിപ്പ് നടത്തുകയും ചെയ്തു.
നാട്ടുകാര്‍ ഇടപ്പെട്ട് പഞ്ചായത്ത് മെമ്പര്‍ സൗമ്യ സുരേഷിന്റെ മധ്യസ്ഥതയില്‍ ഒരു വര്‍ഷത്തിനുളളില്‍ പണം തിരികെ നല്‍കാമെന്ന് കരാറുണ്ടാക്കി അവധി വാങ്ങിയിരുന്നു . സമ്മര്‍ദ്ധം ചെലുത്തി വീടും പറമ്പും കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കാനുള്ള ഭൂമാഫിയ സംഘത്തിന്റെ ഗൂഡ ശ്രമവും ഇതിന് പുറകിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വീടും പറമ്പും വില്‍പന നടത്തി കടങ്ങള്‍ വീട്ടാനായിരുന്നു സുരേഷ്‌കുമാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒരു കോടി രുപയോളം വിലമതിക്കുന്ന വസ്തുവകകള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് ചോദിച്ചിരുന്നതെന്ന് പറയുന്നു. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും വസ്തു കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. സ്ഥലം വാങ്ങാന്‍ എത്തിയിരുന്ന ആവശ്യക്കാരെ ഭൂമാഫിയ സംഘം മുടക്കിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് വീട് പണയപ്പെടുത്തി വായ്പയെടുത്തിരുന്ന സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി ഭീഷണിയുമായി സുരേഷ് കുമാറിന്റെ വീട്ടിലെത്തിയത്. വായ്പ തിരികെ അടച്ചില്ലെങ്കില്‍ ഇന്നലെ വീടിന് മുകളില്‍ നോട്ടീസ് പതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മരണത്തില്‍ നിന്നും രക്ഷപ്പെട്ട മകള്‍ വൈഷ്ണവി പറയുന്നു.
വീടും സ്ഥലവും വില്‍പന നടത്തി കടങ്ങള്‍ വീട്ടാനായിരുന്നു താന്‍ കരുതിയിരുന്നതെന്നും ഇതിന് കഴിയാത്തതിനാല്‍ ഞങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ഇനി വസ്തു വില്‍പന നടത്തി കടങ്ങള്‍ വീട്ടണമെന്നാണ് കരുതുന്നതെന്നും അത്മഹത്യ കത്തില്‍ എഴുതിയിട്ടുണ്ട്.
ഉയര്‍ന്ന സാമ്പത്തിക നിലവാരത്തില്‍ കഴിഞ്ഞിരുന്ന സുരേഷ്‌കുമാറും കുടുംബവും അവസാന നാളുകളില്‍ കടുത്ത ദാരിദ്ര്യമാണ് നേരിട്ടിരുന്നത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന സുരേഷിന് കുട്ടികളുടെ സ്‌കൂള്‍ വാഹന വാടക പോലും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ദാരിദ്ര്യവും കടക്കാരുടെ ഭീഷണിയും കൊണ്ടുണ്ടായ മനപ്രയാസമാണ് സുരേഷ്‌കുമാറിന്റേയും കുടുംബത്തിന്റേയും ജീവനെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."