ഫണ്ടുകള്‍ വെട്ടിക്കുറച്ചു
തളിപ്പറമ്പ്: പകര്‍ച്ചവ്യാധികള്‍ ഭീഷണിയാകുമ്പോഴും നഗരസഭകളിലും പഞ്ചായത്തുകളിലും മഴക്കാലപൂര്‍വ ശുചീകരണത്തിനുളള ഫണ്ടുകള്‍ വെട്ടിക്കുറച്ചതായി പരാതി. തളിപ്പറമ്പ് നഗരസഭയില്‍ കഴിഞ്ഞ വര്‍ഷം 34 വാര്‍ഡുകളിലേയും ശുചീകരണത്തിന് 25,000 രൂപ വീതം അനുവദിച്ചിരുന്നു. ഇത് ഏകീകരിച്ച് എട്ടരലക്ഷം രൂപയാണ് മഴക്കാലപൂര്‍വ ശുചീകരണത്തിനായി നഗരസഭയില്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്. എന്നാല്‍ ഇത്തവണ അത് വര്‍ധിപ്പിക്കുന്നതിന് പകരം 15,000 രൂപ മാത്രമായി കുറക്കുകയായിരുന്നു. ഇത്തവണ ജാഗ്രതോല്‍സവം പരിപാടിയും എല്ലാ വാര്‍ഡുകളിലെയും 25 വീടുകളില്‍ നഗരസഭാ ആരോഗ്യവിഭാഗവും വാര്‍ഡ് കൗണ്‍സിലറും സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണവും നടത്തുകയും ചെയ്തതോടെ അനുവദിച്ച തുക തീര്‍ന്നതായാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. ജൂണ്‍ രണ്ട്, മൂന്ന് തിയതികളില്‍ കൂട്ടായ ശുചീകരണമെന്ന പേരില്‍ വിപുലമായ പരിപാടി ആവിഷ്‌ക്കരിച്ചതായി നഗരസഭാ ആരോഗ്യവിഭാഗം പറയുന്നുണ്ട്. എന്നാല്‍ മെയിന്‍ റോഡിലും ദേശീയപാതയിലുമുള്ള ഓടകള്‍ മണ്ണ് നിറഞ്ഞതിനാല്‍ പുതുമഴ പെയ്തതോടെ പ്ലാസ്റ്റിക്ക് കുപ്പികളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും റോഡിലേക്ക് ഒഴുകിപ്പരക്കുകയാണ്. ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ അതിന്‍മേല്‍ ബ്ലീച്ചിങ് പൗഡര്‍ വാരിവിതറുക മാത്രമാണ് അധികാരികള്‍ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. വിവിധതരം പകര്‍ച്ചപ്പനി ഭീഷണി വര്‍ധിച്ചുവരുമ്പോള്‍ ശുചീകരണം വഴിപാടാക്കുന്ന നഗരസഭക്കെതിരേയും ശുചീകരണത്തിനുളള ഫണ്ട് വെട്ടിക്കുറച്ചതിനെതിരേയും ജനരോഷം വ്യാപകമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."