കാട്ടാനയിറങ്ങുന്നത് തടയാന്‍ എസ്.എം.എസുമായി വനം വകുപ്പ്
നിലമ്പൂര്‍: ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയുന്നതിനായി എസ്.എം.എസ് സംവിധാനം നടപ്പാക്കാന്‍ വനംവകുപ്പ് ഒരുങ്ങുന്നു. അടുത്ത മാസം ആദ്യ വാരത്തില്‍ സംവിധാനം പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം.
ഇതുമായി ബന്ധപ്പെട്ട രൂപീകരിച്ച കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗം ഇന്ന് പാലക്കാട് വൈല്‍ഡ് ലൈഫ് സി.സി.എഫിന്റെ നേതൃത്വത്തില്‍ ചേരും. പദ്ധതി നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ട തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും.
കാട്ടാന ജനവാസകേന്ദ്രത്തിലേക്ക് നീങ്ങുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അതാത് ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുന്നതോടെ അധികൃതര്‍ ഈ വിവരം മൊബൈല്‍ ഫോണ്‍ വഴി എസ്.എം.എസ് ആയി പ്രദേശത്തെ താമസക്കാര്‍ക്ക് മുഴുവന്‍ അയക്കുന്നതാണ് പദ്ധതി.
ഇതിനായി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ സ്വമേധയാ തയ്യാറാകുന്ന ആഞ്ചു പേര്‍ക്കായിരിക്കും ആദ്യ മെസേജ് ഉദ്യോഗസ്ഥര്‍ നല്‍കുക. ഇവര്‍ ഓരോരുത്തരും മറ്റു അഞ്ചുപേര്‍വീതം എന്ന നിലയില്‍ വിവിധ കണ്ണികളിലായി സന്ദേശം പങ്കുവക്കും. ഇതോടെ പ്രദേശത്തുള്ളവരും അധികൃതരും കാട്ടാനയുടെ സാന്നിധ്യത്തെക്കുറിച്ച് ബോധ്യമുള്ളവരാകുകയും കൂടുതല്‍ സഹായങ്ങള്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്നു ആവശ്യമുണ്ടെങ്കില്‍ ലഭ്യമാക്കാന്‍ സമയനഷ്ടം കൂടാതെ നടപടിയെടുക്കുന്നതിനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
വന്യമൃഗങ്ങളുടെ സഞ്ചാരപാതകളെക്കുറിച്ച് വനാതിര്‍ത്തിയിലുള്ളവര്‍ക്ക് പെട്ടെന്ന് അറിയാത്തതാണ് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന കണ്ടെത്തലിലാണ് വനംവകുപ്പ് ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
നേരത്തെ കാട്ടാനയുടെ സാന്നിധ്യത്തെക്കുറിച്ച് സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും വേണ്ടി ഒരു നെറ്റ്‌വര്‍ക്ക് തമിഴ്‌നാട് വാള്‍പാറ നാച്ചുറല്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ സഹായത്തോടെ വയനാട് ഡിവിഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു.
ഇത് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ മണ്ണാര്‍ക്കാട്, സൈലന്റ് വാലി, നിലമ്പൂര്‍ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."