മഴക്കെടുതി: നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ വ്യക്തതയില്ല
തൊടുപുഴ: പ്രകൃതിക്ഷോഭത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ കൃഷി നാശമുണ്ടായിട്ടും ഇത്തവണ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നഷ്ടമുണ്ടായ കര്‍ഷകര്‍ കൃഷിഭവനുകളില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും പണമായി നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
കഴിഞ്ഞവര്‍ഷം വരള്‍ച്ചയിലും മഴക്കെടുതികളിലും കൃഷിഭവന്‍വഴി നാലു കോടിയോളം രൂപ കര്‍ഷകര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പാക്കേജനുസരിച്ചാണു നഷ്ടപരിഹാരം ലഭിക്കുന്നത്. നഷ്ടക്കണക്കുകള്‍ ഹെക്ടര്‍ കണക്കിനു തീരുമാനിക്കുന്നതോടെ വിളനാശത്തിനു തുച്ഛമായ തുകയാണു ലഭിക്കുന്നത്.
കാര്‍ഷിക വിളകളെ വിവിധ രീതിയില്‍ തിരിച്ചാണ് നഷ്ടപരിഹാരത്തിനു കണക്കാക്കുന്നത്. ഓരോ വര്‍ഷവും വിളവെടുക്കുന്ന വിളകള്‍, ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കാര്‍ഷിക വിളകള്‍ എന്നിവയ്‌ക്കെല്ലാം ഹെക്ടര്‍ കണക്കിന് അനുസരിച്ചാണു നഷ്ടം തീരുമാനിക്കുന്നത്.
നനയ്ക്കുന്ന വിളകള്‍ക്ക് ഒരു ഹെക്ടറിന് 13000 രൂപയാണു നഷ്ടപരിഹാരമായി ലഭിക്കുന്നത്. നനയ്ക്കുന്ന വാഴകള്‍ക്കും മറ്റും ഈ കണക്കിലായിരിക്കും നഷ്ടം ലഭിക്കുക. നനയ്ക്കാത്ത വിളകള്‍ക്ക് ഒരു ഹെക്ടറിന് 6800 രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നതും വര്‍ഷങ്ങളോളം വിളവ് നല്‍കുന്നതുമായ കാര്‍ഷിക വിളകള്‍ നശിച്ചാല്‍ ഹെക്ടറിന് 18000 രൂപ നഷ്ടം ലഭിക്കും. ഏലവും കുരുമുളകും തെങ്ങും ഉള്‍പ്പെടെ ഈ കണക്കില്‍ പെടും.
ഈ വര്‍ഷത്തില്‍ കാലവര്‍ഷക്കെടുതികളില്‍ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ഉല്‍പാദന ഉപാധികളായി നഷ്ടം നല്‍കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന വളം, കീടനാശിനി എന്നിവ ഉള്‍പ്പെടെയായിരിക്കും കര്‍ഷകര്‍ക്കു ലഭിക്കുക. നിലവില്‍ നഷ്ടപരിഹാരത്തിനു കൃഷിഭവനുകളില്‍ ഫണ്ട് എത്തിയിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്നും നഷ്ടപരിഹാരം പണമായി ലഭിക്കുമെന്നാണു കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഏതാനും ദിവസങ്ങളിലായി പെയ്തു നില്‍ക്കുന്ന മഴയില്‍ നൂറുകണക്കിനു വാഴകളാണു നശിച്ചത്. ഓണക്കാലത്തും മറ്റും വിറ്റഴിക്കാനായി കൃഷി ചെയ്തിരുന്ന കുലച്ച വാഴകളാണു കനത്ത കാറ്റിലും മഴയിലും നശിച്ചത്. ഒരു കുലച്ച വാഴ നശിച്ചാല്‍ 100 രൂപ കൃഷിവകുപ്പില്‍നിന്നും നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇപ്പോഴാകട്ടെ എട്ടു രൂപയാണു നഷ്ടപരിഹാരക്കണക്കില്‍ കര്‍ഷകനു ലഭിക്കുന്നത്. വിലത്തകര്‍ച്ച നേരിടുന്ന ഏലം പല മേഖലകളിലും ഒടിഞ്ഞു നശിച്ചിട്ടുണ്ട്. മഴ പെയ്തു നില്‍ക്കുന്നതിനാല്‍ അഴുകല്‍ രോഗം ബാധിക്കാനും സാധ്യതയേറി. അഴുകല്‍ സാധ്യയുള്ളതിനാല്‍ കര്‍ഷകര്‍ രോഗബാധയുള്ള ചരങ്ങള്‍ വെട്ടിമാറ്റുന്ന തിരക്കിലാണ്.
എന്നാല്‍, കൃഷി നാശമുണ്ടായാല്‍ ഹെക്ടര്‍ കണക്കിനു നഷ്ടം നല്‍കുന്നുവെന്നതിനാല്‍ ഈ വര്‍ഷം പണമായി ലഭിച്ചാല്‍ പോലും കര്‍ഷകര്‍ക്കു തുച്ഛമായ തുക മാത്രമെ ലഭിക്കുകയുള്ളു. കുരുമുളകും ഇതേ രീതിയിലുള്ള പ്രതിസന്ധിയാണു നേരിടുന്നത്.
ഇനി വിളകള്‍ ഇന്‍ഷുര്‍ ചെയ്താല്‍ മാത്രമാണു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുള്ളു. എല്ലാ വിളകളും ചെറിയ പ്രീമിയം തുക അടച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എല്ലാ വിളകളും ഇന്‍ഷുറന്‍സ് ചെയ്യുന്നതിനുള്ള ക്രമീകരണം കൃഷിഭവനുകളിലുണ്ട്. പ്രകൃതിക്ഷോഭങ്ങളില്‍ കൃഷി നാശമുണ്ടായാല്‍ അനുവദിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് തുക ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."