ആസാദ് സ്വപ്നം കണ്ടത് ബഹുസ്വര ഇന്ത്യ: സമദാനി
തേഞ്ഞിപ്പലം: ദേശീയ പാരമ്പര്യത്തിലുള്ള ചരിത്രവ്യക്തികളെ പൂര്‍ണമായും ദേശീയപൈതൃകമായി കാണാന്‍ സാധിക്കണമെന്നും മൗലാനാ അബുല്‍ കലാം ആസാദ് സ്വപ്നം കണ്ടത് ബഹുസ്വര ഇന്ത്യയെയാണെന്നും എം.പി.അബ്ദുസമദ് സമദാനി. കാലിക്കറ്റ് സര്‍വകലാശാലയില്‍ മൗലാനാ അബുല്‍ കലാം ആസാദ് ചെയര്‍ സംഘടിപ്പിച്ച ആസാദ് അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെയറിന്റെ പേരില്‍ വലിയ പ്രോജക്ടുകള്‍ യു.ജി.സിക്ക് സമര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിവിധ പഠനവകുപ്പുകളുടെ സഹകരണത്തോടെ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. 'സ്വാതന്ത്ര്യസമരത്തിലും സ്വതന്ത്രഭാരതത്തിലെ പുരോഗതിയിലും മൗലാനാ അബുല്‍ കലാം ആസാദിന്റെ പങ്ക്' എന്ന വിഷയത്തില്‍ കോളജ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശാശ്വതി സുധീര്‍ (മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ്), രണ്ടാം സ്ഥാനം നേടിയ പി.കെ.ബന്നത്ത് സബാഹ് (വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്), മൂന്നാം സ്ഥാനം നേടിയ എ.പി.മുഫീദ ഫെമി (സുല്‍ത്താന്‍ ബത്തേരി സര്‍വകലാശാലാ പി.ജി പഠനകേന്ദ്രം) എന്നിവര്‍ക്ക് സമ്മാനം നല്‍കി. മൗലാനാ അബുല്‍ കലാം ആസാദിനൊപ്പം സേവനം അനുഷ്ഠിച്ചിരുന്ന ഫാറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.യു. മുഹമ്മദ് ഓര്‍മകള്‍ പങ്കുവച്ചു. ചടങ്ങില്‍ മൗലാനാ അബുല്‍ കലാം ആസാദ് ചെയര്‍ കണ്‍വീനര്‍ ഡോ.വി.എം. അബ്ദുല്‍ മുജീബ് സ്വാഗതവും ഹിസ്റ്ററി പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."