പൊലിസ് തലപ്പത്ത് അഴിച്ചുപണി ഉടന്‍; അഞ്ച് ഐ.പി.എസ് ഓഫിസര്‍മാരുള്‍പ്പെടെ എട്ട് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നാളെ വിരമിക്കും
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങി. ഇതു സംബന്ധിച്ച പട്ടിക മുഖ്യമന്ത്രിയുടെ അടുക്കലെത്തി.
നാളെ ചെങ്ങന്നൂര്‍ ഫലത്തിനു ശേഷം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങും. അഞ്ച് ഐ.പി.എസ് ഓഫിസര്‍മാരുള്‍പ്പെടെ എട്ട് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നാളെ വിരമിക്കും. ഇവര്‍ ജോലി നോക്കിയിരുന്ന തസ്തികകളില്‍ പുതിയ ആള്‍ക്കാരെ നിയമിക്കണം.
ഐ.പി.എസുകാരായ ലീഗല്‍ മെട്രോളജി വകുപ്പിന്റെ കണ്‍ട്രോളര്‍ ചുമതല വഹിക്കുന്ന എം. മുഹമ്മദ് ഇക്ബാല്‍, പൊലിസ് ആസ്ഥാനത്തെ അസിസ്റ്റന്റ് ഐ.ജി വി. ഗോപാലകൃഷ്ണന്‍, പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി ജി. സോമശേഖര്‍, കോട്ടയം വിജിലന്‍സ് എസ്.പി എന്‍. രാമചന്ദ്രന്‍, റെയില്‍വേ എസ്.പി ജയമോഹന്‍ എന്നിവരും ഐ.പി.എസ് കേഡറിലല്ലാത്ത വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടിന്റെ ചുമതലയുള്ള എസ്.പി കെ. ജയകുമാര്‍, തിരുവനന്തപുരം സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി ഡി. മോഹനന്‍, കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ജോണ്‍സണ്‍ ജോസഫ് എന്നിവരുമാണ് വിരമിക്കുന്നത്.
എ.ഡി.ജി.പി വടക്കന്‍മേഖലാ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. തെക്കന്‍മേഖലയുടെ ചുമതലയുള്ള അനില്‍കാന്തിനാണ് നിലവില്‍ ചുമതല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തസ്തിക നിര്‍ത്തലാക്കി ഐ.ജിമാര്‍ക്കും റെയ്ഞ്ചുകളില്‍ ഡി.ഐ.ജിമാര്‍ക്കും ചുമതല നല്‍കി പൊലിസ് ആസ്ഥാനത്ത് ഇവരുടെ മേല്‍നോട്ടത്തിന് ഒരു എ.ഡി.ജി.പിയെയും നിയമിച്ച് പൊലിസിനെ അഴിച്ചുപണിയണമെന്ന ഉപദേശമാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ നല്‍കിയിരിക്കുന്നത്. ഇത് പരിഗണനിയിലാണെന്ന സൂചന നല്‍കിയാണ് വടക്കന്‍മേഖലയിലെ എ.ഡി.ജി.പി സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് സൂചന.
പുതിയ മാറ്റത്തോടെ പൊലിസ് ആസ്ഥാനത്ത് ക്രമസമാധാന ചുമതലകളില്‍ രണ്ട് അധികാരസ്ഥാനമുണ്ടാകും. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എസ.പി മുതല്‍ മുകളിലോട്ടുള്ളവര്‍ സംസ്ഥാന പൊലിസ് മേധാവിക്ക് മുന്നിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പൊലിസ് സേനയില്‍ പൊളിച്ചെഴുത്ത് വന്നാല്‍ ക്രമസമാധാന ചുമതലയുള്ള എസ്.പിമുതല്‍ ഐ.ജിവരെയുള്ളവര്‍ എ.ഡി.ജി.പിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി.
വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി അസ്താനയും നാളെ സ്ഥാനം ഒഴിഞ്ഞേക്കും. വിജിലന്‍സ് മേധാവി സ്ഥാനത്ത് ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രനെ നിയമിക്കാനാണ് സാധ്യത. അസ്താന കേന്ദ്ര സര്‍വിസില്‍ പോകുന്നതോടെ ഹേമചന്ദ്രന് ഡി.ജി.പി കേഡര്‍ തസ്തിക ലഭിക്കും. സി.പി.എമ്മിനും താല്‍പര്യം ഹേമചന്ദ്രനെ നിയമിക്കുന്നതിലാണ്. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ലെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."